കൊച്ചി: വീട്ടില്‍ നിന്ന് അളവില്‍ കൂടുതല്‍ മദ്യം കണ്ടെടുത്ത കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലെ പോലീസ് അന്വേഷണത്തിനിടെ ആന്റോയുടെ വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്നാണ് 63 ലിറ്റര്‍ വിദേശ മദ്യ ശേഖരം കണ്ടെത്തിയത്.
എസ്‌ഐടി അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസാണ് ഇവ പിടിച്ചെടുത്തത്. എഫ്‌ഐആര്‍ ഇല്ലാതെ എത്തിയ എക്‌സൈസ് സംഘത്തിന് മുന്നില്‍ ആന്റോ അറസ്റ്റിന് വിസമ്മതിച്ചിരുന്നു. പിന്നീട് എഫ്‌ഐആര്‍ പകര്‍പ്പ് നല്‍കിയ ശേഷമാണ് അറസ്റ്റിനോട് ആന്റോ സഹകരിച്ചത്.
63 ലിറ്റര്‍ വിദേശമദ്യം വീട്ടില്‍ എന്തിന് സൂക്ഷിച്ചു എന്ന ചോദ്യത്തിന് മറുപടിയില്ലാതെ ഏതോ ഒരു എക്‌സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആന്റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസില്‍ എത്തി അറസ്റ്റ് ചെയ്തത്. പിന്നീട് വൈദ്യ പരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
ആന്റോയെ വയനാട്ടിലേക്ക് കൊണ്ടു പോകുമെന്ന് എക്‌സൈസ് എസി അറിയിച്ചു. കോടതിയില്‍ ഹാജരാക്കുമെന്നും നിലവില്‍ ആന്റോ മാത്രം ആണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. പത്ത് വര്‍ഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.
മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന പൊലീസ് റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാര്‍ഡുകളും കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയില്‍ എടുത്തു. 6300 അമേരിക്കന്‍ ഡോളറും കണ്ടെടുത്തു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറ് മണിയോടെ തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.