സൈനീകനായിരുന്ന രക്തസാക്ഷി - ഗീവർഗീസ് സഹദാ

സൈനീകനായിരുന്ന രക്തസാക്ഷി - ഗീവർഗീസ് സഹദാ

കേരളക്കരയിലുള്ള ക്രിസ്ത്യൻ നാമധേയങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പേരാണ് ജോർജ് എന്നുള്ളത് . ഗീവർഗീസ് , വർഗീസ്, വർക്കി , വറീത്, വാറു,വാറുണ്ണി, വക്കൻ, വക്കച്ചൻ എന്നിങ്ങനെയുള്ള പേരുകളാലും ജോർജ് നാമധാരികൾ കേരളക്കരയിൽ നിറഞ്ഞു നിൽക്കുന്നു. ഒരു പക്ഷെ കേരളത്തിലെ പള്ളികളിൽ മറിയത്തിന്റെ പേരുകഴിഞ്ഞാൽ മുൻപന്തിയിൽ നിൽക്കുന്നതും സെന്റ് ജോർജ് തന്നെയാവും. കേരളക്കരയ്ക്കു
വിശുദ്ധ ഗീവർഗീസുമായി നിലനിൽക്കുന്ന അഭേദ്യ ബന്ധത്തെ സൂചിപ്പിക്കുന്ന സൂചകങ്ങളാണ് ഇവ. പാശ്ചാത്യ പൗര്യസ്ത്യ സഭകൾ ഏപ്രില്‍ 23 നു വിശുദ്ധന്റെ രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നു.

സഭാ പാരമ്പര്യമനുസരിച്ച്‌ വി. ഗീവര്‍ഗീസ്‌ പാലസ്‌തീനായിലെ ലിഡ്ഡായിലെ ഒരു ക്രിസ്‌തീയ കുടുംബത്തില്‍ ക്രിസ്‌തുവര്‍ഷം 275- 285-കാലഘട്ടത്തില്‍ ജനിച്ചു. പിതാവായ ജെറോണ്‍സിയോ. ആ പ്രദേശത്തെ പ്രധാന റോമന്‍ പട്ടണമായ കപ്പദോച്ചിയായില്‍ നിന്നുളള റോമന്‍ പട്ടാള മേധാവിയും അമ്മ . പാലസ്‌തീനിയന്‍ സ്‌ത്രീയും ആയിരുന്നു . മാതാപിതാക്കൾ രണ്‌ടുപേരും ക്രിസ്‌തീയാനികളായിരുന്നതാനാല്‍ ചെറുപ്പം മുതലേ ക്രിസ്‌തീയ വിശ്വാസത്തില്‍ വളരാനുളള ഭാഗ്യം ഗീവര്‍ഗ്ഗീസിനു ലഭിച്ചു. ഗീവര്‍ഗീസ്‌ എന്ന വാക്കിന്റെ അര്‍ത്ഥം ''പറമ്പില്‍ ജോലിചെയ്യുന്നവന്‍'' (കൃഷിക്കാരന്‍) എന്നാണ്‌. ഗിവര്‍ഗീസിന്‌ 14 വയസ്സായപ്പോള്‍ പിതാവ്‌ മരണമടഞ്ഞു; കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം മാതാവും.
പിന്നിട്‌ ഗീവര്‍ഗീസ്‌ അന്നത്തെ രാജകീയ പട്ടണമായ നിക്കോമേദിയായിലേക്ക്‌ പോവുകയും പട്ടാളത്തില്‍ ചേരാനുളള തന്റെ ആഗ്രഹം ഡയോക്ലിഷന്‍ ചക്രവര്‍ത്തിയെ അറിയിക്കുകയും ചെയ്‌തു. മരിച്ചുപോയ തന്റെ വിശ്വസ്ഥനായ പട്ടാള മേധാവിയുടെ മകനായിരുന്നതിനാൽ ചക്രവര്‍ത്തി ഗീവര്‍ഗ്ഗീസിനെ രണ്ട്‌ കൈകളും നീട്ടി സ്വീകരിച്ചു. കഠിനമായ പ്രയത്‌നത്താൽ 20-ാം വയസ്സില്‍ ഗീര്‍വര്‍ഗീസ്‌ നിക്കോമേദിയായിലെ സുരക്ഷ വിഭാഗത്തിന്റെ തലവനായി തീര്‍ന്നു.

ക്രിസ്‌തു വര്‍ഷം 302 ല്‍ ഗലേറിയൂസിന്റെ സ്വാധീനത്തില്‍പെട്ട ഡയോക്ലീഷന്‍ ചക്രവര്‍ത്തി തന്റെ സൈന്യത്തിലുള്ള എല്ലാ ക്രിസ്ത്യാനികളെയും അറസ്‌റ്റ്‌ ചെയ്യാനും ക്രിസ്‌ത്യാനികള്‍ അല്ലാത്തവരെ ദേവന്‍മാര്‍ക്ക്‌ ബലിയര്‍പ്പിക്കാനും തീരുമാനിച്ചു. ചക്രവര്‍ത്തിയുടെ കല്‌പനകേട്ട ഗീവര്‍ഗീസ്, ധൈര്യത്തോടെ അദ്ദേഹത്തെ സമീപിച്ച്‌ താന്‍ ഒരു ക്രിസ്‌ത്യാനിയാണെന്നറിയിച്ചു. തന്റെ വിശ്വസ്‌തനായ സേനാധിപന്‍ ക്രിസ്‌ത്യാനിയാണെന്നു കേട്ട ചക്രവര്‍ത്തി ഞെട്ടിപ്പോയി. താന്‍ ക്രിസ്‌തുവിനെ മാത്രമേ ആരാധിക്കുകയുളളു എന്നു പറഞ്ഞ ഗീവര്‍ഗീസിനെ അവന്റെ വിശ്വാസത്തില്‍ നിന്ന്‌ പിന്‍തിരിപ്പിക്കാന്‍ ചക്രവര്‍ത്തി നന്നായി പരിശ്രമിച്ചു. അവന്‌ സ്ഥലവും, ധനവും, സ്ഥാനമാനങ്ങളും, അടിമകളെയും എല്ലാം വാഗ്‌ദാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ചക്രവര്‍ത്തിയുടെ ദേവന്‌ ബലിയര്‍പ്പിക്കുക എന്നത്‌ ഗീര്‍വര്‍ഗീസിന്‌ അസാധ്യമായിരുന്നു. അവസാനം തന്റെ അവിശ്വാസിയായ ഈ സേനാധിപനെ പീഡിപ്പിക്കാനും കൊന്നുകളയാനും ചക്രവര്‍ത്തി കല്‌പിച്ചു.

മരണത്തിനൊരുക്കമായി ഗീവര്‍ഗീസ്‌ തനിക്കുണ്ടായിരുന്ന സമ്പത്തെല്ലാം പാവപ്പെട്ടവര്‍ക്ക്‌ ദാനം ചെയ്‌തു. ഗീവര്‍ഗീസിനെ പിഡിപ്പിക്കാന്‍ ചക്രവര്‍ത്തി പല മര്‍ദ്ദനമുറകളും പ്രയോഗിച്ചു. വാളുകള്‍കൊണ്ട് നിര്‍മ്മിച്ച ഒരു ചക്രം ശരീരത്തിലൂടെ അനേകം പ്രാവശ്യം ഉരുട്ടി. അതിനുശേഷം നിക്കോമേദിയ പട്ടണത്തിന്റെ മതിലുകള്‍ക്ക്‌ മുന്നില്‍വെച്ച്‌ ശിരഛേദം ചെയ്‌തു. അന്നത്തെ ചക്രവര്‍ത്തിയുടെ രാജ്ഞിയായിരുന്ന അലക്‌സന്ത്രയും ഒരു വീജാതിയ പുരോഹിതനായിരുന്ന അത്തനേഷ്യസും ഗീര്‍വര്‍ഗീസിന്റെ സഹനം കണ്ടപ്പോള്‍ ക്രിസ്‌തുവില്‍ വിശ്വസിക്കുകയും തുടര്‍ന്ന്‌ ഗീവര്‍ഗീസിനോടൊത്ത്‌ രക്തസാക്ഷിത്വം വരിക്കുകയും ചെയ്‌തു എന്നാണ്‌ പാരമ്പര്യം. പിന്നീട്‌ ഗീവര്‍ഗീസിന്റെ ശരീരം വിശ്വാസികള്‍ ലിഡായിലേക്ക്‌ കൊണ്ടു വരുകയും അവിടെ സംസ്‌കരിക്കുകയും ചെയ്‌തു.

ഗീവര്‍ഗീസിന്റെ ഈ കബറിടം അവിടെ ഇന്നുളള ഓര്‍ത്തഡോക്‌സ്‌ പളളിയുടെയും അതിനോട്‌ ചേര്‍ന്നുളള പഴയ ക്രിസ്‌ത്യൻ പളളിയായ എൽ-ഒമാരി മോസ്‌കിന്റെയും അടിയിലുളള ക്രിപ്‌റ്റിലുണ്ട്‌.
ആദിമ നൂറ്റാണ്ടു മുതല്‍ പട്ടാളവേഷം ധരിച്ച ഗീവര്‍ഗീസിനെ തിന്മയ്‌ക്കെതിരെ പോരാടുന്ന ക്രിസ്‌തുവിന്റെ പടനായകനായാണ്‌ ക്രിസ്ത്യാനികള്‍ കണ്ടിരുന്നത്. തിന്മയുടെ ശക്തികളെ കിഴടക്കുകയും അങ്ങനെ വിശ്വാസികളെ രക്ഷിക്കുകയും ചെയ്യുക ഗീവര്‍ഗീസിന്റെ പ്രത്യേക ദൗത്യമായി വിശ്വാസികള്‍ കണ്ടിരുന്നു. ഈ ആശയം പഠിപ്പിക്കാനാണ്‌ വെളിപാട്‌ പുസ്‌തകത്തിലെ അഗ്നിമയനായ ഉഗ്രസര്‍പ്പത്തോടുപോരാടി സഭയെ രക്ഷിക്കുന്ന മിഖായേല്‍ മാലാഖയെപ്പോലെ (വെളി 12.1-9) ഗീവര്‍ഗീസിനെ വിശ്വാസികള്‍ സങ്കൽപ്പിക്കുന്നത്. ലോകമാസകലം ഗീവര്‍ഗീസിനോടുളള വണക്കം പ്രചരിച്ചതിനും കാരണം ഇത് തന്നെയാണ് . ക്രിസ്‌തു ശിഷ്യന്റെ തിന്മയ്‌ക്കെതിരെതിരെയുളള പോരാട്ടത്തില്‍ വി. ഗീവര്‍ഗീസിന്റെ വിശ്വാസത്തിന്റെയും, സ്വയം പരിത്യാഗത്തിന്റെയും, ധൈര്യത്തിന്റെയും അരൂപിയാണ്‌ വിജയം ഉറപ്പുവരുത്തുന്നത്‌.

ഗീവര്‍ഗീസിന്റെ തിന്മയ്‌ക്കെതിരെയുളള പോരാട്ടത്തെകുറിച്ച്‌ തലമുറകളെ പഠിപ്പിക്കാന്‍ മദ്ധ്യകാലഘട്ടത്തില്‍ വിശ്വാസികള്‍രൂപം നല്‌കിയ കഥയാണ്‌ ക്രൂര സര്‍പ്പത്തെ വകവരുത്തി രാജകുമാരിയെ രക്ഷിക്കുന്ന കഥ. അത്‌ ഇങ്ങനെയാണ്‌: ഒരു ക്രൂര സര്‍പ്പം സിലെനെ എന്ന (ലിബിയായിലോ അല്ലെങ്കില്‍ ലിഡായിലോ) പട്ടണത്തിന്റെ ജീവ കാരണമായ ഉറവയ്‌ക്കരുകില്‍ വാസമുറപ്പിച്ചു. അതായിരുന്നു ആ പട്ടണത്തില്‍ ജലം ലഭ്യമാക്കിയ ഏക അരുവി. അവിടെ നിന്ന്‌ ജലം സംഭരിക്കാന്‍ സാധിക്കണമെങ്കില്‍ കുറച്ച്‌ സമയത്തെയ്‌ക്കെങ്കിലും ഉറവയുടെ അടുത്തുനിന്ന്‌ സര്‍പ്പത്തെ മാറ്റേണ്ടത് ആവശ്യമായിരുന്നു. അതിനായി സര്‍പ്പത്തിന്‌ ഓരോ ആടിനേയോ മറ്റേതെങ്കിലും മൃഗത്തെയോ ദിവസം തോറും നല്‌കാന്‍ അവര്‍ തിരുമാനിച്ചു. മൃഗങ്ങളില്ലെങ്കില്‍ ഒരു കന്യകയെ പകരം നല്‌കണം. ആര്‌ മൃഗത്തെ കൊടുക്കണമെന്ന്‌ നറുക്കിട്ടാണ്‌ തിരുമാനിച്ചിരുന്നത്‌. അങ്ങനെ കുറച്ചുനാള്‍ കടന്നുപോയി. ഒരിക്കല്‍ കുറിവീണത്‌ പട്ടണത്തിലെ കൊച്ചു രാജാവിന്റെ കുടുംബത്തിനാണ്‌ തന്റെ മകളെ രക്ഷിക്കാന്‍ രാജാവ്‌ പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. കന്യക സര്‍പ്പത്തിനരുകിലേക്ക്‌ ആനയിക്കപ്പെട്ടു. അവള്‍ തന്റെ ജീവിതം അവസാനിച്ചു എന്നുകരുതി പേടിച്ച്‌ വിറച്ചു നില്‍ക്കുമ്പോള്‍ വി.ഗീവര്‍ഗീസ്‌ അവിടെയ്‌ക്ക്‌ യാദൃഛികമായിക്കടന്നുവരുകയും, അപകട സാഹചര്യം കണ്ടപ്പോള്‍ തന്റെ മേല്‍ തന്നെ കുരിശടയാളം വരച്ചതിനുശേഷം, സര്‍പ്പവുമായി യുദ്ധം ചെയ്‌ത്‌ അതിനെ കൊല്ലുകയും രാജകുമാരിയെ രക്ഷിക്കുകയും ചെയ്‌തു. ആ ഗ്രാമത്തിലെ ആളുകളെല്ലാം ഈ മഹാസംഭവം കണ്ടപ്പോള്‍ അവരുടെ പരമ്പരാഗത വിശ്വാസം ഉപേഷിക്കുകയും ക്രിസ്‌ത്യാനികളായിത്തിരുകയും ചെയ്തു എന്നാണ്‌ കഥ. വി. ഗീവര്‍ഗീസിനെകുറിച്ചുളള ഈ കഥയാണ്‌ ഗീവര്‍ഗീസിന്റെ രൂപങ്ങളുടെയും ചിത്രങ്ങളുടെയും ഭാവത്തില്‍ ലോകമെമ്പാടുമെത്തിയത്‌.

വി. ഗീവര്‍ഗീസിന്റെ ജീവിതത്തില്‍ നാലുകാര്യങ്ങളാണ്‌ എടുത്തു കാണിക്കുന്നത്. 1) അദ്ദേഹം വിശ്വാസത്തിൽ ജീവിക്കുകയും അതിനുവേണ്ടി ധൈര്യപൂര്‍വ്വം പോരാടുകയും ചെയ്‌തു.2) ഭൗമിക സമ്പത്തും, ലോകംനല്‌കുന്ന സ്ഥാനമാനങ്ങളും ശാശ്വതമല്ലെന്നദ്ദേഹം കരുതി. അത്‌ ദൈവരാജ്യത്തിലേത്താന്‍ തടസമായിക്കുടാ.3) അദ്ദേഹം തിന്മയ്‌ക്കെതിരെ അതിധീരം പോരാടി; ആ പോരാട്ടത്തില്‍ ക്രിസ്‌തുവിന്റെ കുരിശാണ്‌ തന്റെ രക്ഷാകവചമായി വിശുദ്ധന്‍ കണ്ടത്‌.4) തന്റെ പ്രവര്‍ത്തനങ്ങളിലൂടെയും, പോരാട്ടങ്ങളിലൂടയും പീഡാസഹനങ്ങളിലൂടെയും തിക്ഷ്‌ണമതിയും വിശ്വാസിയുമായിരുന്ന ഗീവര്‍ഗീസ്‌ മനുഷ്യരെ ക്രിസ്‌തീയ വിശ്വാസത്തിലേക്ക്‌ നയിച്ചു.

ഇതിനെല്ലാം അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ത്തന്നെ പകര്‍ന്നു കൊടുത്ത വിശ്വാസമാണ്‌. ജീവിതത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും തിന്മകള്‍ക്കെതിരെ പോരാടാന്‍ വിശുദ്ധ ഗീവര്‍ഗീസ്‌ അനേകർക്ക്‌ പ്രചോദനമായി ഇന്നും നിലനിൽക്കുന്നു.

കടപ്പാട് (ഫാ. ആന്റിണി തറേക്കടവില്‍ ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.