ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിക്കുന്നു; കുടലിന്റെ ഒരു ഭാഗം മുറിച്ചുനീക്കി

ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിക്കുന്നു; കുടലിന്റെ ഒരു ഭാഗം മുറിച്ചുനീക്കി

വത്തിക്കാന്‍ സിറ്റി: കുടലിലെ രോഗത്തെത്തുടര്‍ന്ന് ഞായറാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനായ ഫ്രാന്‍സിസ് പാപ്പ(84) വേഗത്തില്‍ സുഖം പ്രാപിക്കുന്നു. റോമിലുള്ള ജെമെല്ലി ആശുപത്രിയിലാണ് മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നത്. അദ്ദേഹത്തിന്റെ വന്‍കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്തു. മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.

ഏഴു ദിവസം ആശുപത്രിയില്‍ത്തന്നെ നിരീക്ഷണത്തില്‍ തുടരണമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. വന്‍കുടലിന്റെ പേശികളില്‍ വീക്കമുണ്ടാകുന്നതു മൂലം കുടല്‍ ചുരുങ്ങുന്ന രോഗത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. പാപ്പയെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ഞായറാഴ്ച്ച ഉച്ചയ്ക്കുശേഷമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്.

2013-ല്‍ സഭാതലവനായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
മാര്‍പ്പാപ്പ എത്രയുംവേഗം പൂര്‍ണസൗഖ്യം പ്രാപിക്കട്ടെയെന്ന് ഇറ്റാലിയന്‍ പ്രീമിയര്‍ മരിയോ ദ്രാഗി ആശംസിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ഗാമിയായ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയും വത്തിക്കാനിലെ തന്റെ ആശ്രമത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സൗഖ്യത്തിനായുള്ള പ്രാര്‍ഥനയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.