ബെയ്ജിങ്: ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയില്‍ ഒരു ഇടവേളയ്ക്ക് ശേഷം ഡെല്‍റ്റ വൈറസ് വ്യാപിക്കുന്നു. ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ ഇപ്പോള്‍ 20-ലേറെ പ്രദേശങ്ങളിലേക്കു വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ യാത്രകളിലടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം. 2019 ഡിസംബറില്‍ വുഹാനില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രണ്ടാമത്തെ വലിയ വൈറസ് വ്യാപനമാണ് ഇപ്പോഴത്തേതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ പറയുന്നു.
ഞായറാഴ്ച മാത്രം 75 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 53 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈന വളരെ വേഗത്തില്‍ കോവിഡ് പ്രതിസന്ധിയെ മറികടന്നിരുന്നു. പല രാജ്യങ്ങളും കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ടപ്പോള്‍ ചൈനയിലെ ജനജീവിതം സാധാരണഗതിയിലേക്കു നീങ്ങിയിരുന്നു. എന്നാല്‍ കോവിഡിന്റെ ഡെല്‍റ്റാ വകഭേദം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഇപ്പോള്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഇതിന്റെ പശ്ചാത്തലത്തില്‍ വ്യാപക കോവിഡ് പരിശോധനകളുമായി മുന്നോട്ട് പോവുകയാണ് ചൈന. നാന്‍ജിങ് ഉള്‍പ്പെടുന്ന ജിയാങ്‌സു പ്രവിശ്യയില്‍ മാത്രം 92 ലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ഇതില്‍ ലക്ഷക്കണക്കിന് പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ നാന്‍ജിങിലും ഷങ്ജിയാജിയിലും അടുത്തിടെ സന്ദര്‍ശിച്ച 15 ലക്ഷം പേരെ കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ചൈനയിലെ മറ്റൊരു പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹൈനാന്‍ ദ്വീപിലും നിങ്‌സിയ, ഷാന്‍ഡോങ് പ്രവിശ്യകളിലും ഞായറാഴ്ച പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ പറഞ്ഞു. വിദേശത്തുനിന്ന് വന്ന കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹനാന്‍ പ്രവിശ്യയിലെ സെങ്ഷൗവില്‍ കോവിഡിനൊപ്പം തന്നെ വെള്ളപ്പൊക്കവും പ്രതിസന്ധി തീര്‍ത്തിരിക്കുകയാണ്. പ്രാദേശിക സമ്പര്‍ക്കത്തിലൂടെ ഇവിടെ 27 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രവിശ്യയില്‍ ഒരു കോടി പരിശോധനകള്‍ നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
വാക്‌സിനേഷന്‍ സ്വീകരിച്ച പലര്‍ക്കും വീണ്ടും രോഗം വന്നതായി പല പ്രവിശ്യകളില്‍നിന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സാധാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
കോവിഡ് വാക്‌സിന്‍ ഡെല്‍റ്റാ വകഭേദത്തിന് സംരക്ഷണം കുറഞ്ഞിരിക്കാം. എങ്കിലും നിലവിലെ വാക്‌സിന്‍ കോവിഡിനെതിരെ പ്രതിരോധവും സംരക്ഷണവും നല്‍കാന്‍ സഹായിക്കുന്നുവെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ വൈറോളജിസ്റ്റ് ഫെങ് സിജിയാന്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച വരെ ചൈനയില്‍ 1.6 ബില്യണിലധികം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ബീജിംങ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.