ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍: മലയാളികളെ സ്നേഹിച്ച മഹാ മനീഷി

ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍:  മലയാളികളെ സ്നേഹിച്ച മഹാ മനീഷി

അബുദാബി: ഗള്‍ഫ് നാടുകളിലെ മലയാളി സമൂഹത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭരണാധികാരിയായിരുന്നു അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. എന്നും മലയാളികളുമായി ഏറെ അടുത്തിടപഴകിയ ചരിത്രമാണ് നഹ്യാന്‍ കുടുംബത്തിനുള്ളത്.

മലയാളികളുടെ പ്രവാസത്തോളം തന്നെ പഴക്കമുണ്ട് ഈ ബന്ധത്തിന്. വിശ്വസിക്കുകയും കൂടെ നിറുത്തുകയും ചെയ്യുന്നവരില്‍ മലയാളികള്‍ക്ക് പ്രമുഖ സ്ഥാനം നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ പ്രസിഡന്റിന്റെ കൊട്ടാരം മുതല്‍ കിടപ്പുമുറി വരെ മലയാളികളുടെ സാന്നിധ്യമുണ്ടായിരുന്നു.

യുഎഇ പൗരത്വവും സര്‍വ്വ സൗകര്യങ്ങളും നല്‍കിയാണ് പല മലയാളികളെയും അദ്ദേഹം ആദരിച്ചത്. കൂടെ നിന്നവര്‍ക്കു മാത്രമല്ല അവരുടെ കുടുംബങ്ങള്‍ക്കും യുഎഇ പൗരത്വം നല്‍കിയാണ് ഖലീഫ മലയാളികളോടുള്ള തന്റെ ഇഷ്ടം അറിയിച്ചത്.

അബൂദബി എമിറേറ്റിന്റെ ഭരണാധികാരി, യുഎഇ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീ സുപ്രധാന സ്ഥാനങ്ങള്‍ക്കു പുറമെ 875 ബില്യന്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ഷെയ്ക്ക് ഖലീഫ.

1948 സെപ്റ്റംബര്‍ ഏഴിന് അബുദാബി എമിറേറ്റിലെ അല്‍ ഐനില്‍ അല്‍ മുവൈജി കൊട്ടാരത്തിലായിരുന്നു അബുദാബി റൂളേഴ്സ് കുടുംബാംഗമായിരുന്ന ഷെയ്ക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും ഹസ ബിന്ത് മുഹമ്മദ് ബിന്‍ ഖലീഫയുടെയും മൂത്ത മകനായി ഷെയ്ക്ക് ഖലീഫ ജനിച്ചത്. സാന്‍ഹര്‍സ്റ്റിലെ റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്.

1966 ല്‍ പിതാവ് ഷെയ്ക്ക് സായിദ് അബുദാബി ഭരണാധികാരിയായപ്പോള്‍ ഷെയ്ക്ക് ഖലീഫ അബുദാബിയുടെ കിഴക്കന്‍ മേഖലയായ അല്‍ ഐനില്‍ ഭരണാധികാരിയുടെ പ്രതിനിധിയായി. 1969 ഫെബ്രുവരി ഒന്നിന് അദ്ദേഹം അബുദാബി കിരീടാവകാശിയായി നിയമിതനായി.

പിറ്റേന്നു തന്നെ അബുദാബി പ്രതിരോധ വകുപ്പിന്റെ തലവനായും നിയമിച്ചു. 1971 ല്‍ യുഎഇ രൂപീകൃതമായ ശേഷം അബുദാബി, യുഎഇ സായുധ സേനയുടെ കേന്ദ്രമായതോടെ പ്രതിരോധ സേനയുടെ മേല്‍നോട്ടവും ഷെയ്ഖ് ഖലീഫയ്ക്കായി.

രാഷ്ട്രപിതാവ് ഷെയ്ക്ക് സായിദിനു കീഴില്‍ പ്രധാനമന്ത്രി, അബൂദബി മന്ത്രിസഭയുടെ തലവന്‍, പ്രതിരോധ മന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചു. 1973 ഡിസംബര്‍ 23 ന് യുഎഇയുടെ രണ്ടാം ഉപ പ്രധാനമന്ത്രിയും 1974 ജനുവരി 20 ന് അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായി.

1976 മെയിലാണ് രാഷ്ട്രപതിയുടെ കീഴില്‍ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡറാകുന്നത്. 1980 അവസാനം അദ്ദേഹം സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ തലവനായി. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ചുമതലയേറ്റത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.