മതേതരത്വം ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെട്ട ഇന്ത്യയിൽ ക്രൈസ്തവർ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങൾ. ഭാരത സഭയുടെ സമീപകാല ചരിത്രം പരിശോധിച്ചാൽ പല തരം പീഡനങ്ങൾ കാണുവാൻ സാധിക്കും. ഒറീസയിൽ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടെരിച്ചതു മുതൽ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സിസ്റ്റർ റാണിമരിയയും വിവിധ മിഷൻ പ്രദേശങ്ങളിൽ കൊല്ലപ്പെട്ട നിരവധി ആളുകളും ഇതിൽ ഉൾപ്പെടും. അതുപോലെ തന്നെ മണിപ്പൂരിലും ഒറീസയിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും കർണാടകയിലുമൊക്കെ വലിയ രീതിയിൽ ക്രൈസ്തവർക്കെതിരെ ലഹളകൾ ഇന്നും നടക്കുന്നു.
ലോകത്തിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ വിലയിരുത്തുന്ന ഓപ്പൺ ഡോർസ് എന്ന സംഘടനയുടെ വേൾഡ് വാച്ച് ലിസ്റ്റിൽ ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ നിരക്ക് അതിഭയാനകം എന്നാണു കൊടുത്തിരിക്കുന്നത്. മത ദേശീയതയാണ് ഈ പീഡനത്തിന്റെ പ്രധാന കാരണമായി സൂചിപ്പിക്കുന്നത്.
ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും ചരിത്രം
ലോകം നടുങ്ങിയ കൊടും ക്രൂരതയ്ക്ക് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും മത വൈരത്തിന്റെ പേരിൽ കൊലയും കൊള്ളയും രാജ്യത്ത് ഇന്നും തുടർക്കഥയാവുകയാണ്. 1999 ജനുവരി 22 നാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ മതപ്രചാരകനായ ഗ്രഹാം സ്‌റ്റെയിൻസും മക്കളും ഒഡീഷയിലെ ബാരിപാഡയിൽ വാഹനത്തിൽ ചുട്ടുകൊല്ലപ്പെട്ടത്. ബാല്യകാല സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് കൊടുംക്രൂരത നടത്തിയത്.
ഗ്രഹാം സ്‌റ്റെയിൻസ് ഒഡീഷയിലെ ദരിദ്ര ആദിവാസി സമുദായങ്ങളിൽ 35 വർഷത്തോളം താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്തതാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്. തുടർന്നാണ് 1999 ജനുവരി 22നു ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ്(10), തിമോത്തി(9) എന്നിവരെ വാഹനത്തിൽ കിടന്നുറങ്ങുന്നതിനിടെ ജീവനോടെ ചുട്ടുകൊന്നത്. ബാരിപാഡയിലെ കുഷ്ഠരോഗികളെ സേവിക്കുന്നതിൽ വ്യാപൃതനായ ഗ്രഹാം സ്റ്റെയിൻസിന് കൊല്ലപ്പെടുമ്പോൾ 58 വയസായിരുന്നു.
മികച്ച പ്രാസംഗികനായ ഇദ്ദേഹത്തിനു ഒഡിയ ഭാഷയിലും പ്രാദേശിക ഭാഷയായ സാന്താലിയിലും മികച്ച അറിവുണ്ടായിരുന്നു. പ്രസംഗത്തിലൂടെയും മറ്റും ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വവാദികൾ ഗ്രഹാം സ്റ്റെയിൻസിനെ ചുട്ടുകൊന്നത്. എന്നാൽ ആരോപണം ഗ്രഹാം സ്റ്റെയിൻസിന്റെ വിധവയായ ഗ്ലാഡിസ് സ്‌റ്റെയിൻസ് നിരസിച്ചു. രാജ്യം നടുങ്ങിയ കൊടുംക്രൂരതയ്ക്കു നേതൃത്വം നൽകിയത് അന്ന് ബജറംഗ്ദൾ പ്രവർത്തകനായ ദാരാ സിങാണ്.
ഹിന്ദുത്വ ആൾക്കൂട്ടത്തിനു നേതൃത്വം നൽകിയ ഇദ്ദേഹം പശു സംരക്ഷണ പ്രവർത്തനങ്ങളിലും ആർഎസ്എസ്, ബിജെപി എന്നിവയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. മൂന്നുപേരെ കൂട്ടക്കൊല നടത്തിയതിനു വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ദാര സിങിന്റെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി.
അഗതികളുടെ അമ്മക്ക് നേരെയുള്ള വിമർശനം
കൽക്കത്തയിലെ മദർ തെരേസയെ ആദ്യമായി വിമർശിച്ചത് നിഷ്പക്ഷരെന്നു തോന്നിക്കുന്നവരും വിദേശികളുമായ ചില എഴുത്തുകാർ ആയിരുന്നു. മദർ പാവങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടില്ല എന്നും പാവങ്ങളെ തന്റെ പ്രശസ്തിക്കായി ഉപയോഗിക്കുകയായിരുന്നു എന്നും അവർ വാദിച്ചു. തങ്ങളുടെ ബുദ്ധികൊണ്ട് മാത്രം മനുഷ്യജീവിതങ്ങളെ അളക്കാൻ ശ്രമിക്കുന്ന ഇത്തരം വ്യാജ തിയറിസ്റ്റുകളുടെ ചുവടു പിടിച്ചു പരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്ന ചിലർ മദറിന്റെ പ്രവർത്തനങ്ങൾക്കെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ചു.
മതം മാറ്റമായിരുന്നും മദറിന്റെ പ്രവർത്തനങ്ങളുടെ ഉദ്ദേശം എന്ന ഇവരുടെ വാദങ്ങൾക്ക് സമ്പൂർണ സാക്ഷരർ എന്നു അവകാശപ്പെടുന്ന മലയാളികളുടെ ഇടയിൽ വരെ പ്രചാരം ലഭിച്ചു. തുടർച്ചയായ ഇത്തരം ആരോപണങ്ങളുടെ ഫലമായി ഉപവിയുടെ സഹോദരിമാർക്കു സമൂഹത്തിന്റെയും സർക്കാരിന്റെയും പല കോണിൽ നിന്നും ആരോപണങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നു.
അനാഥാശ്രമങ്ങളും അഗതിമന്ദിരങ്ങളും നടത്തിക്കൊണ്ട് പോവുക എന്നത് ദുഷ്കരമാക്കി, ദത്ത് കൊടുക്കാനുള്ള ലൈസൻസുകൾ ഉപേക്ഷിക്കേണ്ടി വന്നു. പല സ്ഥലങ്ങളിലും സർക്കാർ ജീവനക്കാരുടെയും മറ്റും അനാവശ്യ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നു. മദർ തെരേസയുടെ സഹോദരിമാരുടേത് ഒറ്റപ്പെട്ട സംഭവമല്ല.
ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തിക്കൊണ്ടുപോകുന്ന വിദ്യാഭാസസ്ഥാപനങ്ങൾ, ആശുപത്രികൾ, സോഷ്യൽ സർവീസ് സെന്ററുകൾ, എൻ.ജി.ഓകൾ, അനാഥാശ്രമങ്ങൾ, അഗതിമന്ദിരങ്ങൾ… എന്നിങ്ങനെ ഒട്ടുമിക്ക സ്ഥാപനങ്ങളും വർഷങ്ങളായി വളരെയധികം പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്.
സിസ്റ്റർ റാണി മരിയയുടെ ജീവിതം
ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്സിസി) സന്യാസിനി സഭാംഗമായ സിസ്റ്റർ റാണി മരിയ മധ്യപ്രദേശിലെ ഇൻഡോർ ഉദയ്‌നഗർ കേന്ദ്രീകരിച്ചാണു പ്രേഷിതശുശ്രൂഷ നടത്തിവന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണ്. സുവിശേഷവേലയ്‌ക്കൊപ്പം സാധാരണക്കാർക്കു വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾക്കും സിസ്റ്റർ റാണി മരിയ നേതൃത്വം നൽകി. സഭാവസ്ത്ര സ്വീകരണത്തിന് ശേഷം എറണാകുളം പ്രൊവിൻസിൽ നിന്ന് ഭോപ്പാൽ പ്രൊവിൻസിലേയ്ക്ക് ലഭിച്ച മാറ്റമായിരുന്നു സിസ്റ്റർ റാണി മരിയയുടെ ജീവിതം മാറ്റി മറിച്ചത്.
പ്രേക്ഷിത ശുശ്രൂഷയ്ക്കൊപ്പം ജന്മിവാഴ്ചയ്ക്കും കർഷക ചൂഷണത്തിനും ഇരയായി കഴിഞ്ഞിരുന്ന മധ്യപ്രദേശിലെ ഉദയ് നഗറിലെ പാവപ്പെട്ട കർഷകർക്കിടയിലായിരുന്നു സിസ്റ്റർ റാണി മരിയയുടെ പ്രവർത്തനം. വർഷം തോറും കൃഷി ചെയ്യാൻ ജന്മിമാരിൽ നിന്ന് കടം വാങ്ങുകയും ആ തുക തിരിച്ച് നൽകാൻ കഴിയാതെ അവർക്ക് അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സിസ്റ്റർ കർഷകർക്കിടയിൽ സേവനമാരംഭിച്ചത്.
വരുമാനത്തിന്റെ വിഹിതം ബാങ്കിൽ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നിൽ ജീവിതം പണയം വയ്ക്കാതിരിക്കാനും ഉദയ് പൂരിലെ കർഷകരെ സിസ്റ്റർ റാണി മരിയ പഠിപ്പിച്ചു. കർഷകരെ സ്വയം തൊഴിലിൽ പ്രാവീണ്യമുളളവരാക്കാനും സിസ്റ്റർ റാണി മരിയക്ക് സാധിച്ചു. ഒപ്പം ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ച് പാവപ്പെട്ട കർഷകരുടെ കുട്ടികൾക്ക് അറിവ് പകർന്നു നൽകാനും സിസ്റ്റർ റാണി മരിയ ശ്രദ്ധിച്ചു.
ഇതിൽ രോഷാകുലരായ ആ പ്രദേശത്തെ ജന്മിമാർ സമന്ദർസിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25നു സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. 54 കുത്തുകളാണ് സിസ്റ്റർ റാണി മരിയയ്ക്കേറ്റത്. ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിംഗ് സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.
മുറിവുണങ്ങാത്ത മണിപ്പൂർ
ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള അക്രമം മണിപ്പൂർ സംസ്ഥാനത്തെ ഒന്നടങ്കം തകർക്കുന്നു. പലർക്കും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു, വീടുകൾ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്‌തു, ആരാധനാലയങ്ങൾ അശുദ്ധമാക്കുകയും കത്തിക്കുകയും ചെയ്‌തു. ആയിരക്കണക്കിനാളുകൾ പലായനം ചെയ്യുകയും ഭവന രഹിതരാകുകയും സൈനിക ബാരക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും വിവിധ അഭയ കേന്ദ്രങ്ങളിൽ കഴിയുകയും ചെയ്യുന്നു. രാജ്യം കണ്ട ഏറ്റവും ഭീകരമായ വംശീയ ഉൻമൂലന കലാപമാണ് മണിപ്പൂരിൽ അരങ്ങേറുന്നത്.
ക്രിസ്ത്യാനികൾ സംഘപരിവാർ സഘടനകൾക്ക് എളുപ്പം തകർക്കാവുന്ന ഇരകളായി മാറുമ്പോഴും ഭയപ്പെടുത്തുന്നത് നിയമപാലകരുടെ നിസംഗതയാണ്. വർഗീയവാദ ആൾക്കൂട്ടം നിയമം കൈയിലെടുക്കുകയും ക്രിസ്ത്യാനികളെ വേട്ടയാടുകയും ചെയ്യുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ അവർക്ക് നേരെ കണ്ണടയ്ക്കുന്നു. കുറ്റവാളികളെ പിടികൂടി ജയിലിൽ അടയ്ക്കുന്നതിനുപകരം അവർ ക്രിസ്ത്യാനികളോട് പ്രാർത്ഥനാ ശുശ്രൂഷകളിൽനിന്ന് വിട്ടു നിൽക്കാൻ ആവശ്യപ്പെടുന്നു.
ബി.ജെ.പി സർക്കാരുകളും സംഘപരിവാർ വിഭാഗങ്ങളും ഒരു കാര്യത്തിൽ മിടുക്കരാണെന്ന് പറയാതെ വയ്യ. കാര്യങ്ങൾ ദുഷ്‌കരമാകുമ്പോൾ കാറ്റ് തങ്ങൾക്കനുകൂലമാക്കാൻ വ്യാജ വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരിക. പാർട്ടി ഭരിക്കുന്ന ചില സം സ്ഥാനങ്ങളിലെ സമീപകാല സംഭവ വികാസങ്ങൾ എന്തെങ്കിലും ന്യായമോ യുക്തിസഹമായ വിശദീകരണങ്ങളോ ഇല്ലാത്ത ഈ അവസരവാദ നീക്കങ്ങളുടെ തെളിവാണ്.
ഇന്ത്യയിൽ ക്രൈസ്തവ പീഡനം നടക്കുന്ന എല്ലാ സംഭവങ്ങളിലും സഘപരിവാർ സംഘടനകളാണ് പ്രതികളായിട്ടുള്ളത്. ആർഎസ്എസ് മുഖ്യശത്രുവായി കമ്മ്യൂണിസ്റ്റ് പാർട്ടികളെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും വിചാരധാരയിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അടുത്ത നാളുകളിൽ ആർഎസ്എസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബിജെപി ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരോട് പ്രത്യേക താൽപര്യം പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
എന്നാൽ ഇതിനെല്ലാം അപവാധമായാണ് മണിപ്പൂരിൽ കുക്കികളും മെയ്തികളും തമ്മിലുള്ള സഘടനത്തിൽ ക്രൈസ്തവ ദൈവാലയങ്ങൾ തിരഞ്ഞുപിടിച്ച് തീയിട്ടു നശിപ്പിക്കുന്നതും ക്രൈസ്തവ ഭൂരിഭക്ഷമുള്ള കുക്കികളുടെ കൂട്ടകൊലപാതകങ്ങളും. ഇത്തരം കൊടിയ ആക്രമണങ്ങൾക്ക് പിന്നിൽ സഘപരിവാർ സഘടനകളുടെ പിന്തുണയുണ്ടെന്നും നിരീക്ഷകർ ചൂണ്ടി കാണിക്കുന്നു.
കൂടുതൽ വായനക്ക്
ക്രൈസ്തവ മത പീഡനങ്ങളും ഇസ്ലാമിക തീവ്രവാദവും
ക്രൈസ്തവ പീഡനവും കമ്യൂണിസവും ചരിത്രതാളുകളിലൂടെ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.