"എന്റെ പേരും മതവും അവർ മായ്ച്ചു കളഞ്ഞു"; ബോണ്ടി ഭീകരാക്രമണത്തിന് പിന്നാലെ ആശുപത്രി അധികൃതർക്കെതിരെ ഇര രം​ഗത്ത്


സിഡ്നി: ഓസ്‌ട്രേലിയയിലെ ബോണ്ടിയിൽ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റ ജൂത വംശജയായ റോസാലിയയുടെ പേരും മതവും ആശുപത്രി അധികൃതർ രഹസ്യമായി മാറ്റിയതിൽ വ്യാപക പ്രതിഷേധം. ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തന്റെ അനുവാദമില്ലാതെ പേര് മാറ്റിയത് വ്യക്തിത്വത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പരിക്കേറ്റ റോസാലിയ ആരോപിച്ചു.

ഡിസംബർ 14 ന് നടന്ന ‘ഹാനൂക്കോ ബൈ ദ സീ’ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിലാണ് റോസാലിയയ്ക്ക് തലയ്ക്ക് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച റോസാലിയയെ 'കാരെൻ ജോൺസ്' എന്ന വ്യാജപ്പേരിലാണ് അധികൃതർ രജിസ്റ്റർ ചെയ്തത്.

കൂടാതെ രോഗികൾക്ക് നൽകുന്ന തിരിച്ചറിയൽ ബാൻഡിൽ നിന്ന് മതം രേഖപ്പെടുത്തുന്ന ഭാഗം ഒഴിവാക്കുകയും ചെയ്തു. എന്നാൽ സംഘർഷസാധ്യതയുള്ള കേസുകളിൽ രോഗികളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയാണ് വ്യാജപ്പേരുകൾ ഉപയോഗിക്കുന്നതെന്നാണ് സൗത്ത് വെസ്റ്റേൺ സിഡ്നി ഹെൽത്ത് ഡിസ്ട്രിക്റ്റ് നൽകുന്ന വിശദീകരണം.

ആശുപത്രിയുടെ നടപടി തന്നെ മാനസികമായി തളർത്തിയെന്ന് റോസാലിയ 'ടുഡേ ഷോ'യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "40 വർഷം മുൻപ് മെച്ചപ്പെട്ട ജീവിതം തേടിയാണ് ഞങ്ങൾ ഓസ്‌ട്രേലിയയിൽ എത്തിയത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ സുരക്ഷിതത്വം തോന്നുന്നില്ല. എന്റെ പേര് മാറ്റിയതിലൂടെ എന്റെ ഐഡന്റിറ്റി തന്നെ അവർ തട്ടിയെടുത്തു," റോസാലിയ വൈകാരികമായി പ്രതികരിച്ചു.

സജിദ് അക്രം, മകൻ നവീദ് അക്രം എന്നിവർ ജൂത സമൂഹത്തിന് നേരെ നടത്തിയ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.