വിക്ടോറിയയിൽ മിന്നൽ പ്രളയം; കാറുകൾ കടലിലേക്ക് ഒഴുകിപ്പോയി; വിനോദസഞ്ചാര കേന്ദ്രത്തിൽ ഭീതി

വിക്ടോറിയയിൽ മിന്നൽ പ്രളയം; കാറുകൾ കടലിലേക്ക് ഒഴുകിപ്പോയി; വിനോദസഞ്ചാര കേന്ദ്രത്തിൽ ഭീതി

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഗ്രേറ്റ് ഓഷ്യൻ റോഡിലെ വൈ റിവർ മേഖലയിലാണ് പ്രകൃതിക്ഷോഭം നാശം വിതച്ചത്. ശക്തമായ മലവെള്ളപ്പാച്ചിലിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ ഒഴുകി കടലിൽ പതിച്ചു.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മേഖലയിൽ റെക്കോർഡ് മഴയാണ് (ഏകദേശം 180mm) മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങിയത്. ഇതേത്തുടർന്ന് വൈ റിവർ കരകവിഞ്ഞൊഴുകുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന കാറുകൾ കുത്തൊഴുക്കിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറുകൾക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്ന് വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു.

പ്രശസ്തമായ 'ബിഗ് 4 വൈ റിവർ ഹോളിഡേ പാർക്ക്' പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെയുണ്ടായിരുന്ന കാരവാനുകളും ടെന്റുകളും തകർന്നു. ക്യാമ്പ് സൈറ്റുകളിൽ നിന്നും വീടുകളിൽ നിന്നും നൂറുകണക്കിന് ആളുകളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയെ ഹെലികോപ്റ്റർ മാർഗ്ഗം ആശുപത്രിയിലെത്തിച്ചു. മറ്റ് ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പ്രശസ്തമായ ഗ്രേറ്റ് ഓഷ്യൻ റോഡ് അടച്ചിട്ടു. ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ എത്തിയ വിനോദ സഞ്ചാരികളെ അപ്രതീക്ഷിത പ്രളയം ഭീതിയിലാഴ്ത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.