ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടം. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സെന്‍സെക്‌സ് 2,400 പോയിന്റിലധികം ഉയര്‍ന്ന് 85,000 എന്ന റെക്കാഡ് നിലവാരത്തിലേക്ക് അടുത്തു.
നിഫ്റ്റി 750 പോയിന്റിലധികം നേട്ടമുണ്ടാക്കി 26,300 കടന്നു. ഓഹരി വിപണിയിലെ പുതിയ മാറ്റം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 1.2 ശതമാനം വര്‍ധിച്ച് 90.40 എന്ന നിലയിലെത്തി. 2022 നവംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും മികച്ച മുന്നേറ്റമാണിത്.
കേന്ദ്ര ബജറ്റില്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്ടിടി) വര്‍ധിപ്പിച്ചത് നിക്ഷേപകരെ ആശങ്കയിലാക്കിയിരുന്നു. അന്ന് വിപണിയില്‍ ഏകദേശം പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപക ആസ്തിയാണ് ഇല്ലാതായത്. എന്നാല്‍ പുതിയ വ്യാപാര കരാര്‍ നഷ്ടങ്ങളെ മറികടക്കാന്‍ വിപണിയെ സഹായിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സുപ്രധാന കരാര്‍ ഉണ്ടായത്. ഇളവ് മോഡി സ്വാഗതം ചെയ്‌തെന്നും മോഡിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്താണ് തീരുമാനമെന്നും ഇന്ത്യ-യു.എസ് വ്യാപാരക്കരാറിന് ധാരണയായെന്നും ട്രംപ് അറിയിച്ചു.
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറച്ചെന്നതാണ് കരാറിലെ ഏറ്റവും വലിയ നേട്ടം. ഇതിനുപകരമായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യു.എസില്‍ നിന്ന് കൂടുതല്‍ ഉല്‍പന്നങ്ങള്‍ വാങ്ങുകയും ചെയ്യും. യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ തീരുവ പൂര്‍ണമായും ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
റഷ്യന്‍ എണ്ണയുടെ പേരില്‍ ചുമത്തിയ 25 ശതമാനം അധിക തീരുവയും നീക്കുമെന്ന് വൈറ്റ്ഹൗസ് അധികൃതര്‍ പറഞ്ഞു. അതേസമയം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന ട്രംപിന്റെ അവകാശവാദത്തോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും മോഡിയുമായി സംസാരിച്ചെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിറുത്താമെന്ന് മോഡി അറിയിച്ചെന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.