കാൻബെറ: ഓസ്‌ട്രേലിയയിലെ പഴയ തലമുറയെക്കുറിച്ചുള്ള പൊതുധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ സർവേ റിപ്പോർട്ട് പുറത്ത്. ഓസ്‌ട്രേലിയയിലെ വയോജനങ്ങളിൽ നാലിലൊരാൾ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് കൗൺസിൽ ഓൺ ദി ഏജിങ് ചെയർമാനും മുൻ ലിബറൽ മന്ത്രിയുമായ ക്രിസ്റ്റഫർ പൈൻ വെളിപ്പെടുത്തി. വയോജനങ്ങൾ എല്ലാവരും സാമ്പത്തികമായി സുരക്ഷിതരാണെന്ന ക്ലീഷേ ധാരണകൾക്ക് വിരുദ്ധമാണ് യാഥാർത്ഥ്യമെന്ന് അദേഹം പറഞ്ഞു.
നാഷണൽ പ്രസ് ക്ലബ്ബിൽ 'സ്റ്റേറ്റ് ഓഫ് ദി നേഷൻ' സർവേ ഫലങ്ങൾ അവതരിപ്പിക്കവേയാണ് അദ്ദേഹം രാജ്യത്തെ വയോജനങ്ങൾക്കിടയിലെ സാമ്പത്തിക അന്തരത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. 50 വയസിനു മുകളിലുള്ളവരിൽ 25 ശതമാനത്തോളം പേർ ദാരിദ്ര്യത്തിലാണ്. വാടകയ്ക്ക് താമസിക്കുന്ന വയോജനങ്ങളാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ഇവരിൽ 54 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
ദാരിദ്ര്യം അനുഭവിക്കുന്നവരിൽ 29 ശതമാനം സ്ത്രീകളും 40 ശതമാനം ഭിന്നശേഷിക്കാരുമാണ്. 33 ശതമാനം പേർ ഒറ്റയ്ക്ക് താമസിക്കുന്നവരാണ്. ഓസ്‌ട്രേലിയൻ വയോജനങ്ങൾക്കിടയിൽ 28 ശതമാനം പേർ മാത്രമാണ് സമ്പന്നരുടെ പട്ടികയിലുള്ളത്. പ്രതിവർഷം രണ്ട് ലക്ഷം ഡോളർ വരുമാനമോ അല്ലെങ്കിൽ അഞ്ച് ലക്ഷം ഡോളറിന്റെ നിക്ഷേപമോ ഉള്ളവരെയാണ് സമ്പന്നരായി കണക്കാക്കുന്നത്. വിരമിച്ചവരിൽ പകുതിയിലധികം പേരും (54 ശതമാനം) പ്രധാന വരുമാനത്തിനായി സർക്കാർ പെൻഷനുകളെയും ആനുകൂല്യങ്ങളെയുമാണ് ആശ്രയിക്കുന്നത്.
2025 നവംബർ ഒന്നിന് നിലവിൽ വന്ന വയോജന സംരക്ഷണ പരിഷ്‌കാരങ്ങളിലെ പോരായ്മകളും ക്രിസ്റ്റഫർ പൈൻ ചൂണ്ടിക്കാട്ടി. വയോജനങ്ങൾ പരിചരണത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. ഒരാൾ പോലും തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായി 30 ദിവസത്തിലധികം കാത്തിരിക്കേണ്ടി വരരുത്.
കുളിക്കുന്നത് പോലുള്ള അടിസ്ഥാന കാര്യങ്ങൾക്ക് പോലും വയോജനങ്ങൾ പണം നൽകേണ്ടി വരുന്നതിൽ കുടുംബങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു. പ്രായം കൂടുന്തോറും ഭവന വായ്പകൾ അടച്ചുതീർക്കാനുള്ളതും വാടക വീടുകളെ ആശ്രയിക്കുന്നതുമാണ് വയോജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.