മാഞ്ചസ്റ്റർ: കാൻസർ ബാധിച്ച് 21-ാം വയസിൽ അന്തരിച്ച മാഞ്ചസ്റ്റർ സർവ്വകലാശാല വിദ്യാർഥി പെഡ്രോ ബാലെസ്റ്ററിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ പ്രാരംഭ നടപടികൾ വത്തിക്കാൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പെഡ്രോയുടെ ജീവിതത്തെക്കുറിച്ച് പഠിക്കാനായി വത്തിക്കാൻ പ്രതിനിധികൾ ഇംഗ്ലണ്ടിലെത്തി. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തെളിവുകൾ ശേഖരിക്കുകയാണ് സംഘം.
വിശുദ്ധ പദവിയിലേക്ക് അടുത്തിടെ ഉയർത്തപ്പെട്ട കാർലോ അക്യുട്ടിസ്, പിയർ ജോർജിയോ ഫ്രസാത്തി എന്നിവരുടെ പിൻഗാമിയായാണ് കത്തോലിക്കാ സഭ പെഡ്രോ ബാലെസ്റ്ററിനെ നോക്കിക്കാണുന്നത്. മാഞ്ചസ്റ്ററിലെ സ്പാനിഷ് വംശജരായ മാതാപിതാക്കളുടെ മകനായി ജനിച്ച പെഡ്രോ ലണ്ടൻ ഇംപീരിയൽ കോളേജിൽ കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെയാണ് അർബുദബാധിതനാകുന്നത്.
മാഞ്ചസ്റ്ററിലെ സ്പാനിഷ് വംശജരായ മാതാപിതാക്കളുടെ മകനായി ജനിച്ച പെഡ്രോ രോഗക്കിടക്കയിലും അസാമാന്യമായ ദൈവവിശ്വാസമാണ് പുലർത്തിയത്. 2015 ൽ ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കണ്ടപ്പോൾ തന്റെ രോഗവും വേദനകളും മാർപാപ്പയ്ക്കും തിരുസഭയ്ക്കും വേണ്ടി സമർപ്പിക്കുന്നു എന്ന് പെഡ്രോ പറഞ്ഞത് വലിയ വാർത്തയായിരുന്നു. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വേദനകൾക്കിടയിലും പെഡ്രോ കാത്തുസൂക്ഷിച്ച പ്രത്യാശ അവിടുത്തെ നേഴ്സുമാരെയും മറ്റ് രോഗികളെയും അതിശയിപ്പിച്ചിരുന്നു.
2018 ലാണ് പെഡ്രോ മരണമടഞ്ഞത്. ഇതിനോടകം പെഡ്രോയുടെ മാധ്യസ്ഥം തേടിയുള്ള പ്രാർത്ഥനാ കാർഡുകൾ 28 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അദേഹത്തിന്റെ ജീവിതം ആസ്പദമാക്കി 'എ ഫ്രണ്ട് ഇൻ ഹെവൻ' എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങി. ഏത് പ്രതിസന്ധിയിലും ദൈവത്തോട് ചേർന്നുനിന്ന് സന്തോഷവാനായിരിക്കുക എന്ന വലിയ സന്ദേശമാണ് പെഡ്രോ ലോകത്തിന് നൽകുന്നതെന്ന് അദേഹത്തിന്റെ സഹപ്രവർത്തകർ അനുസ്മരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.