വത്തിക്കാൻ സിറ്റി: വിശ്വാസത്തിൽ നിലനിൽക്കണമെങ്കിൽ ഞായറാഴ്ചതോറുമുള്ള വിശുദ്ധ കുർബാനയർപ്പണം അത്യന്താപേക്ഷിതമാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. കത്തോലിക്കാസഭ ദൈവകരുണയുടെ ഞായർ ആചരിച്ച ഉയിർപ്പുകാലത്തെ രണ്ടാം ഞായറാഴ്ച, വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ മധ്യാഹ്ന പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.
വിശ്വാസത്തിൽ നമ്മെ നിലനിർത്തുന്നതിൽ വിശുദ്ധ കുർബാനയ്ക്കുള്ള കേന്ദ്രസ്ഥാനം അന്നേ ദിവസത്തെ സുവിശേഷ വായനയെ അടിസ്ഥാനമാക്കി മാർപാപ്പ എടുത്തുപറഞ്ഞു. ഉയിർപ്പിനുശേഷം എട്ടാം ദിവസം നടന്ന ഉത്ഥിതനായ ക്രിസ്തുവും തോമാശ്ലീഹായും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരണം അനുസ്മരിച്ച പാപ്പാ, ഒരു കൂട്ടായ്മയ്ക്കുള്ളിലാണ് അത് നടന്നത് എന്ന കാര്യം ചൂണ്ടിക്കാട്ടി. അതിനാൽ, വിശ്വാസികളായ നാം ഇന്ന് ക്രിസ്തുവിനെ തേടേണ്ടതും നമ്മുടെ കൂട്ടായ്മയ്ക്കുള്ളിലാണെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.
ഉയിർത്തെഴുന്നേറ്റ യേശുവുമായുള്ള നമ്മുടെ കണ്ടുമുട്ടലിനെക്കുറിച്ച് ധ്യാനിക്കാൻ ഈ സംഭവം നമ്മെ ക്ഷണിക്കുന്നു. 'എവിടെയാണ് നമുക്ക് യേശുവിനെ കണ്ടുമുട്ടാനാവുക? നാം എങ്ങനെ അവിടുത്തെ തിരിച്ചറിയും? എങ്ങനെ വിശ്വസിക്കും?' - ഈ ചോദ്യങ്ങൾ ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് പാപ്പാ പറഞ്ഞു.
വിശ്വാസം എല്ലായ്പ്പോഴും ഉടനടിയും എളുപ്പത്തിലും സംഭവിക്കുന്നില്ലെന്ന് ലിയോ പാപ്പാ വിശദീകരിച്ചു. തോമാശ്ലീഹായ്ക്ക് അത് എളുപ്പമായിരുന്നില്ല, നമുക്കും എളുപ്പമാകണമെന്നില്ല. വിശ്വാസം പരിപോഷിപ്പിക്കപ്പെടേണ്ടതും സജീവമായി നിലനിർത്തേണ്ടതുമായ ഒന്നാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
പാപ്പാ തുടർന്നു: അക്കാരണത്താലാണ് സഭ എല്ലാ ഞായറാഴ്ചയും അഥവാ എട്ടാം ദിവസങ്ങളിൽ വിശുദ്ധ കുർബാനയർപ്പണത്തിന് ഒരുമിച്ചു കൂടാൻ വിശ്വാസികളെ ക്ഷണിക്കുന്നത്. കുർബാനയുടെ അവസരത്തിൽ നാം യേശുവിൻ്റെ വചനങ്ങൾ ശ്രവിക്കുകയും പ്രാർഥിക്കുകയും നമ്മുടെ വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നു. തിരുശരീരരക്തങ്ങളാൽ പരിപോഷിപ്പിക്കപ്പെട്ട് നാമും അവിടുത്തെ ഉത്ഥാനത്തിന്റെ സാക്ഷികളായി മാറുന്നു.
'ഞായറാഴ്ചയാചരണം കൂടാതെ ഞങ്ങൾക്ക് ജീവിക്കാൻ ആവില്ല' എന്നു പ്രഖ്യാപിച്ചുകൊണ്ട് മരണം തെരഞ്ഞെടുത്ത ഉത്തരാഫ്രിക്കയിലെ അബിത്തേനയിലെ രക്തസാക്ഷികളുടെ മാതൃക ചൂണ്ടിക്കാട്ടി, ആദിമസഭ ഇക്കാര്യത്തിൽ നൽകിയ സാക്ഷ്യത്തെ പാപ്പാ അനുസ്മരിച്ചു.
വിശുദ്ധ കുർബാനയിലാണ് വിശ്വാസം വളരുകയും ബലപ്പെടുകയും ചെയ്യുന്നത്. ഒരു ശരീരത്തിലെ അവയവങ്ങൾ എന്ന നിലയിൽ വിശ്വാസികൾ ഒന്നായിത്തീരുന്നതും വിശുദ്ധ കുർബാനയിലാണ് - പാപ്പാ വിശദീകരിച്ചു. വിശുദ്ധ കുർബാനയിലൂടെ പരിമിതിയുള്ള നമ്മുടെ അധ്വാനങ്ങൾ ദൈവകൃപയാൽ ഏകീകരിക്കപ്പെടുകയും മനുഷ്യവർഗത്തെ മുഴുവൻ ആശ്ലേഷിക്കുന്ന ഏകവും മഹത്വപൂർണവുമായ രക്ഷാകര പദ്ധതിയിൽ ഉൾചേർക്കപ്പെടുകയും ചെയ്യുന്നു.
സമാധാനം ഇത്രയധികം ആവശ്യമുള്ള ഒരു ലോകത്ത്, ഉത്ഥാനം ചെയ്ത കർത്താവിനെ ദിവ്യകാരുണ്യത്തിൽ കണ്ടുമുട്ടുന്നതിൽ ശുഷ്കാന്തിയുള്ളവരും വിശ്വസ്തരുമാകണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.