സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള പ്രിൻസ് ഓഫ് വെയിൽസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി നടത്തിയ അക്രമ പരമ്പരയിൽ നഴ്‌സിനും പൊലീസിനും ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രിയാണ് 51 വയസുകാരനായ രോഗി ഹോസ്പിറ്റലിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. അക്രമിയെ പൊലീസ് തോക്ക് ഉപയോഗിച്ച് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു.
ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന രോഗി പെട്ടെന്ന് അക്രമാസക്തനാവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ നേരിടുകയുമായിരുന്നു. ആക്രമണത്തിൽ ഒരു നഴ്‌സിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇവരെ തുടർ ചികിത്സയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് നഴ്‌സുമാർക്കും സെക്യൂരിറ്റി ഗാർഡിനും മർദനമേറ്റു. അടുത്തുള്ള മറ്റൊരു രോഗിയെ സംരക്ഷിക്കാൻ ശ്രമിച്ച 26 വയസുകാരിയെ ഇയാൾ ചവറ്റുകുട്ട ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.
വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും ഇയാൾ ആക്രമിച്ചു. ഇതോടെയാണ് സുരക്ഷാ സേന ഇയാൾക്ക് നേരെ വെടിയുതിർത്തതും കീഴ്‌പ്പെടുത്തിയതും.നിലവിൽ അക്രമിയെ ഹോസ്പിറ്റലിനുള്ളിലെ അതീവ സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി.
സംഭവത്തെ തുടർന്ന് ഹോസ്പിറ്റലുകളിലെ സുരക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായി. ന്യൂ സൗത്ത് വെയിൽസ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് അസോസിയേഷൻ സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. "നഴ്‌സുമാർ ജോലിക്ക് പോകുന്നത് രോഗികളെ പരിചരിക്കാനാണ്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരും തൊഴിലുടമകളും കൂടുതൽ നടപടികൾ സ്വീകരിക്കണം. ഹോസ്പിറ്റലുകളിൽ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ഭീതിജനകമാണ്."- മൈക്കൽ വൈറ്റ്‌സ് (അസോസിയേഷൻ ജനറൽ സെക്രട്ടറി) പറഞ്ഞു.
അസോസിയേഷൻ നടത്തിയ സർവ്വേയിൽ 88 ശതമാനം നേഴ്സുമാരും കഴിഞ്ഞ ഒരു വർഷത്തിനിടെ ഹോസ്പിറ്റലുകളിൽ അതിക്രമം നേരിട്ടതായി വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തര വിഭാഗങ്ങളിൽ കൂടുതൽ സുരക്ഷാ ഗാർഡുകളെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.