മകൻ ഭിന്നശേഷിക്കാരൻ; മലയാളി നഴ്സിനോടും കുടുംബത്തോടും രാജ്യം വിടാൻ ഓസ്‌ട്രേലിയ; സർക്കാരിന് സാമ്പത്തിക ബാധ്യതയെന്ന് വാദം

മകൻ ഭിന്നശേഷിക്കാരൻ; മലയാളി നഴ്സിനോടും കുടുംബത്തോടും രാജ്യം വിടാൻ ഓസ്‌ട്രേലിയ; സർക്കാരിന് സാമ്പത്തിക ബാധ്യതയെന്ന് വാദം

വിക്ടോറിയ: ആറു വയസുകാരനായ മകൻ ഭിന്നശേഷിക്കാരനാണെന്ന കാരണത്താൽ മലയാളി കുടുംബത്തെ നാടുകടത്താനൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. വിക്ടോറിയയിലെ ബെൻഡിഗോ ഹെൽത്തിൽ നഴ്സായി സേവനമനുഷ്ഠിക്കുന്ന കണ്ണൂർ ആലക്കോട് സ്വദേശിനി ക്രിസ്റ്റിൻ മേരി ആന്റണി ദാസ്, ഭർത്താവ് ജിനീഷ് ജോസഫ് എന്നിവരോടാണ് രാജ്യം വിടാൻ ഇമിഗ്രേഷൻ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവരുടെ മകൻ ജസിയേലിന്റെ (6) ചികിത്സയ്ക്കും പരിപാലനത്തിനുമായി സർക്കാർ വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് രാജ്യത്തിന് ബാധ്യതയാണെന്നാണ് അധികൃതരുടെ നിലപാട്. 2019 ൽ അയർലൻഡിൽ നിന്നാണ് നഴ്സിങ് ജോലി കൈമാറ്റവുമായി ബന്ധപ്പെട്ട് ഇവർ ഓസ്‌ട്രേലിയയിലെത്തിയത്.

വിസയ്ക്ക് അപേക്ഷിച്ചപ്പോൾ തന്നെ മകൻ ജസിയേലിന് വളർച്ചാ വൈകല്യങ്ങളും (Developmental delay) മൈക്രോസെഫാലിയും (Microcephaly) ഉണ്ടെന്ന വിവരം കുടുംബം മറച്ചുവെക്കാതെ അധികൃതരെ അറിയിച്ചിരുന്നു. അന്ന് ഈ വിവരങ്ങൾ ബോധ്യപ്പെട്ട ശേഷമാണ് ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ വിഭാഗം ഇവർക്ക് വിസ അനുവദിച്ചത്. എന്നാൽ പിന്നീട് സ്ഥിരതാമസത്തിനുള്ള നടപടികൾക്കിടെയാണ് കുട്ടിയുടെ വൈകല്യം ചൂണ്ടിക്കാട്ടി സർക്കാർ നിലപാട് മാറ്റിയത്.

ഈ കുടുംബം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കുട്ടിയുടെ പൗരത്വമാണ്. ജസിയേൽ അയർലൻഡിലാണ് ജനിച്ചതെങ്കിലും അവിടുത്തെ നിയമ പ്രകാരം മാതാപിതാക്കൾ മൂന്ന് വർഷം പൂർത്തിയാക്കാത്തതിനാൽ കുട്ടിക്ക് ഐറിഷ് പൗരത്വം ലഭിച്ചിട്ടില്ല. ഇന്ത്യൻ പാസ്‌പോർട്ടാണ് ജസിയേലിനുള്ളത്.

അതിനാൽ നാടുകടത്തപ്പെട്ടാൽ ജന്മനാടായ കണ്ണൂരിലേക്ക് മാത്രമേ ഇവർക്ക് മടങ്ങാനാവൂ. ഓസ്‌ട്രേലിയയിൽ ജസിയേലിന് ലഭിക്കുന്ന പ്രത്യേക വിദ്യാഭ്യാസവും ചികിത്സാ സൗകര്യങ്ങളും കേരളത്തിലെ ഗ്രാമീണ മേഖലയിൽ ലഭിക്കില്ലെന്നും ഇത് കുട്ടിയുടെ നില വഷളാക്കുമെന്നും കുടുംബം ആശങ്കപ്പെടുന്നു. ഇവരുടെ ഇളയ മകൾ ഹേസൽ ജനിച്ചത് ഓസ്‌ട്രേലിയയിലാണ്.

കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ-മലയാളി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്. മെൽബൺ സീറോ മലബാർ രൂപതാ സമൂഹം, ബെൻഡിഗോ മലയാളി അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് വിക്ടോറിയ തുടങ്ങിയവർ ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്കിന് നിവേദനം നൽകി. കുട്ടിയുടെ ആരോഗ്യനിലയെ 'സാമ്പത്തിക ബാധ്യത'യായി കാണാതെ മാനുഷിക പരിഗണന നൽകണമെന്നാണ് ഇവരുടെ ആവശ്യം.

ഈ കുടുംബത്തെ ഓസ്‌ട്രേലിയയിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഓൺലൈൻ നിവേദനത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഒപ്പുവെച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും പെറ്റീഷനിൽ ഒപ്പുവെക്കാനും ഈ ലിങ്ക് സന്ദർശിക്കുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.