സിഡ്നി: പരിശുദ്ധാത്മാവിന്റെ എഴുന്നള്ളിപ്പിനെ സ്മരിക്കുന്ന പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ സിഡ്നി അതിരൂപതയിൽ 140 വിശ്വാസികൾ സ്ഥൈര്യലേപന കൂദാശ സ്വീകരിച്ചു. സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാന മധ്യേ സിഡ്നി സഹായ മെത്രാൻ ബിഷപ്പ് ഡാനിയൽ മീഗർ മുഖ്യകാർമ്മികത്വം വഹിച്ച ചടങ്ങിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കാളികളായത്.
ഈശോയുടെ ഉത്ഥാനത്തിന് ശേഷം 40 ദിവസങ്ങൾ ശിഷ്യന്മാർക്കൊപ്പം ചിലവഴിച്ച ശേഷമാണ് അവിടുന്ന് സ്വർഗാരോഹണം ചെയ്തതെന്ന് ബിഷപ്പ് ഡാനിയൽ മീഗർ തന്റെ വചന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
"മിശിഹാ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിന്റെ വരവിനായി പത്ത് ദിവസങ്ങൾക്ക് ശേഷം അപ്പോസ്തലന്മാർ പരിശുദ്ധ കന്യകാമറിയത്തോടൊപ്പം ഒരുമിച്ചു കൂടി പ്രാർത്ഥിച്ചു. യേശുക്രിസ്തു നമ്മെ എപ്പോഴും സ്നേഹിക്കുന്നു. അവിടുത്തെ ആ സ്നേഹമാണ് ഉന്നതങ്ങളിൽ നിന്ന് പരിശുദ്ധാത്മാവായി അപ്പോസ്തലന്മാരുടെ ഹൃദയങ്ങളിലേക്ക് ഒഴുകിയിറങ്ങിയത്. അതോടെ അപ്പോസ്തലന്മാർ പൂർണമായും രൂപാന്തരപ്പെട്ടു. ദൈവത്തിന്റെ ജീവൻ, ഒരു പുതിയ ജീവിതം അവരിലേക്ക് പ്രവേശിച്ചു."- ബിഷപ്പ് ഡാനിയൽ മീഗർ പറഞ്ഞു.
വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമാണ് ഓരോരുത്തരും ഈ കൂദാശ സ്വീകരിക്കാൻ എത്തിയതെങ്കിലും പരിശുദ്ധാത്മാവിന്റെ രണ്ടാമത്തെ ഈ കൂദാശാപരമായ വർഷിക്കൽ അവരെ ഒരൊറ്റ സഭയായി ഒന്നിപ്പിച്ചുവെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
വ്യത്യസ്ത ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും എത്തിയവർക്കായി ആഴ്ചകൾ നീണ്ട പ്രത്യേക പ്രിപ്പറേഷൻ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. റൈഡ്-ഗ്ലേഡ്‌സ്‌വിൽ അസിസ്റ്റന്റ് ഇടവക വികാരിയും മക്വാരി സർവ്വകലാശാലാ ചാപ്ലിനുമായ ഫാ. ഡാനിയൽ ഡ്രം ചടങ്ങുകളെക്കുറിച്ച് വിശദീകരിച്ചു.
കൂദാശയെക്കുറിച്ച് മുതിർന്നവർക്കുള്ള ബോധ്യവും ആഴത്തിലുള്ള അറിവും നൽകുന്നതിനായി ആറ് ആഴ്ച നീളുന്ന പ്രത്യേക പരിശീലന ക്ലാസുകൾ വിശ്വാസികൾക്കായി ഒരുക്കിയിരുന്നു. കൂദാശ സ്വീകരിച്ചവരിൽ 18 വയസുള്ള യുവാക്കൾ മുതൽ 50 വയസിന് മുകളിലുള്ളവർ വരെയുണ്ടായിരുന്നു.
അവിവാഹിതരും വിവാഹിതരും വിവാഹ നിശ്ചയം കഴിഞ്ഞവരും വിവിധ തൊഴിൽ മേഖലകളിൽ ഉള്ളവരും ഇതിൽ ഉൾപ്പെടുന്നു. വ്യത്യസ്ത വംശീയ പശ്ചാത്തലത്തിലുള്ളവരുടെ പങ്കാളിത്തം സഭയുടെ സാർവത്രിക സ്വഭാവത്തെ വിളിച്ചോതുന്നതായിരുന്നുവെന്നും ഫാ. ഡാനിയൽ ഡ്രം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.