അബുദാബി: യുഎഇയിൽ ഔദ്യോഗിക ലൈസൻസില്ലാതെ വാട്സാപ്പ്, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ചാരിറ്റി ഫണ്ട് ശേഖരണം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികളുമായി അധികൃതർ. നല്ല ഉദേശത്തോടെയാണെങ്കിൽ പോലും വ്യക്തികളോ അനൗദ്യോഗിക കൂട്ടായ്മകളോ ഡിജിറ്റൽ മാധ്യമങ്ങൾ വഴി പണം പിരിക്കുന്നതും ക്യാമ്പയിൻ നടത്തുന്നതും യുഎഇ നിയമ പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്.
യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ "Wa'i" (ബോധവൽക്കരണം) ക്യാമ്പയിന്റെ ഭാഗമായി പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പുകളിലാണ് പൊതുജനങ്ങൾക്കുള്ള ഈ കർശന മുന്നറിയിപ്പുള്ളത്.
ഫെഡറൽ ഡിക്രി-ലോ നമ്പർ 34 ഓഫ് 2021 പ്രകാരം ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ ഫണ്ട് ശേഖരിക്കുന്നതിനായി വെബ്‌സൈറ്റുകളോ സോഷ്യൽ മീഡിയ ഗ്രൂപ്പുകളോ സൃഷ്ടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റമായി കണക്കാക്കപ്പെടുന്നു.
ഇത്തരം നിയമ ലംഘനങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് തടവു ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കൂടാതെ, 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ ഭീമമായ പിഴയും ചുമത്തപ്പെടാം. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 56 ലക്ഷം മുതൽ 1.1 കോടിയിലധികം വരെയാണ്. പ്രവാസികളാണ് നിയമലംഘനം നടത്തിയതെങ്കിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം അവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
സഹപ്രവർത്തകർക്കും നാട്ടിലെ രോഗികൾക്കും വേണ്ടി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പണം സമാഹരിക്കുന്നതും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളോ പേയ്‌മെന്റ് ലിങ്കുകളോ ഷെയർ ചെയ്യുന്നതും നിയമവിരുദ്ധമാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ഫെഡറൽ നിയമ പ്രകാരം ഇത്തരത്തിലുള്ള അനൗദ്യോഗിക സാമ്പത്തിക ഇടപാടുകൾ ബാങ്കിംഗ് സെക്യൂരിറ്റി സിസ്റ്റത്തിന്റെ കനത്ത നിരീക്ഷണത്തിലായിരിക്കും.
ഇത്തരത്തിലുള്ള അൺവെരിഫൈഡ് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് നാഷണൽ ആന്റി-മണി ലോണ്ടറിംഗ് കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബാങ്കുകൾ ഉപഭോക്താക്കളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് വാട്സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്നത് യുഎഇ സെൻട്രൽ ബാങ്ക് നേരത്തെ തന്നെ വിലക്കിയിട്ടുണ്ട്.
സഹായം ആവശ്യമുള്ളവരെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ അംഗീകൃത ചാനലുകൾ വഴിയുള്ള സംഭാവനകൾ മാത്രമേ നൽകാവൂവെന്ന് അധികൃതർ നിർദേശിക്കുന്നു. എമിറേറ്റ്സ് റെഡ് ക്രസന്റ്, ദുബായ് കെയേഴ്സ്, ദാർ അൽ ബെർ സൊസൈറ്റി തുടങ്ങിയ അംഗീകൃത ചാരിറ്റി സ്ഥാപനങ്ങൾ വഴിയോ അവയുടെ ഔദ്യോഗിക പദ്ധതികൾ വഴിയോ മാത്രമേ ധനസഹായം നൽകാവൂ.
അതുപോലെ രജിസ്റ്റർ ചെയ്ത ചാരിറ്റി സംഘടനകൾ നൽകുന്ന ഔദ്യോഗിക എസ്‌എംഎസ് കോഡുകളോ സർക്കാർ അംഗീകരിച്ച വെബ്‌സൈറ്റ് ലിങ്കുകളോ മാത്രമേ സംഭാവനകൾക്കായി ഉപയോഗിക്കാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു. നിയമവിരുദ്ധമായ ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ പൊലിസ് ഐ ആപ്പ് വഴിയോ അബുദാബി പൊലീസിന്റെ അമാൻ സേവനം വഴിയോ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.