ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ചക്‌വാളിൽ കൊള്ളക്കാരെ പിന്തുടരുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒൻപതുവയസുകാരിയായ ഓസ്ട്രേലിയൻ പെൺകുട്ടി കൊല്ലപ്പെട്ടു. പെർത്ത് സ്വദേശിയായ ഹനിയ അഹമ്മദാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവിനും സഹോദരനും ഗുരുതരമായി പരിക്കേറ്റു.
ബന്ധുക്കളെ സന്ദർശിക്കാൻ പാകിസ്ഥാനിലെത്തിയതായിരുന്നു പെർത്തിൽ താമസമാക്കിയ അദീൽ അഹമ്മദും കുടുംബവും. ചക്‌വാളിൽ വാടക കാറിൽ സഞ്ചരിക്കവേ ബൈക്കിലെത്തിയ രണ്ട് കൊള്ളക്കാർ ഇവരെ തടഞ്ഞു നിർത്തി ആഭരണങ്ങളും പണവും ആവശ്യപ്പെട്ടു. ഈ സമയം അതുവഴി പട്രോളിംഗിനുണ്ടായിരുന്ന പാക്കിസ്ഥാൻ 'ക്രൈം കൺട്രോൾ ഡിപ്പാർട്ട്മെന്റ്' ഉദ്യോഗസ്ഥൻ കൊള്ളക്കാരെ ലക്ഷ്യമാക്കി വെടിയുതിർത്തു.
ഭയന്നുപോയ അദീൽ കാർ വേഗത്തിൽ ഓടിച്ചു പോയി. എന്നാൽ ഇത് കൊള്ളക്കാരുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച പൊലീസ് ഉദ്യോഗസ്ഥർ കാറിനെ പിന്തുടരുകയും വെടിയുതിർക്കുകയുമായിരുന്നു. വെടിയേറ്റതിനെ തുടർന്ന് കാറിന്റെ ബ്രേക്ക് തകരാറിലാവുകയും വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയും ചെയ്തു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഹനിയ മരിച്ചു. പിതാവ് അദീലിനും സഹോദരൻ ആഫാനും ഗുരുതരമായി പരിക്കേറ്റെങ്കിലും ചികിത്സയ്ക്ക് ശേഷം ഇവർ അപകട നില തരണം ചെയ്തു.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അങ്ങേയറ്റം വേദനാജനകമാണെന്ന് പിതാവ് അദീൽ അഹമ്മദ് ആരോപിച്ചു. കൃത്യമായ പരിശീലനമോ വിവേകമോ ഇല്ലാത്ത ഉദ്യോഗസ്ഥരാണ് വെടിവെപ്പ് നടത്തിയതെന്നും കൊള്ളക്കാരല്ല പൊലീസിന്റെ വെടിയുണ്ടകളാണ് തന്റെ മകളുടെ ജീവൻ കവർന്നതെന്നും അദേഹം പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടു. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടക്കുമെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലാർ സഹായങ്ങളും നൽകുമെന്നും വ്യക്തമാക്കി. കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിൽ വിടുകയും ചെയ്തതായി സിസിഡി അറിയിച്ചു.
നേരത്തെയും സിസിഡി ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആരോപിച്ച് മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. ഹനിയയുടെ മരണത്തിൽ പെർത്തിലെ ഓസ്ട്രേലിയൻ ഇസ്ലാമിക് കോളജ് അധികൃതരും സഹപാഠികളും അതീവ ദുഖം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.