ആകാശത്തോളം ഉയര്‍ന്ന് ആന്‍സി; തകര്‍ന്നത് അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷത്തെ സുവര്‍ണ റെക്കോര്‍ഡ്!

ആകാശത്തോളം ഉയര്‍ന്ന് ആന്‍സി; തകര്‍ന്നത് അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷത്തെ സുവര്‍ണ റെക്കോര്‍ഡ്!

ഭുവനേശ്വര്‍: ഇന്ത്യന്‍ അത്ലറ്റിക്‌സ് ചരിത്രത്തിലെ സുവര്‍ണ അധ്യായങ്ങളിലൊന്ന് തിരുത്തിക്കുറിച്ച് മലയാളി താരം ആന്‍സി സോജന്‍. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷം പഴക്കമുള്ള വനിതകളുടെ ലോങ് ജമ്പ് ദേശീയ റെക്കോര്‍ഡാണ് ആന്‍സി ഭുവനേശ്വറില്‍ തകര്‍ത്തത്. ദേശീയ അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 6.88 മീറ്റര്‍ ദൂരം പിന്നിട്ടാണ് തൃശൂര്‍ സ്വദേശിയായ ആന്‍സി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

2004 ലെ ഏഥന്‍സ് ഒളിമ്പിക്‌സ് ഫൈനലില്‍ അഞ്ചാം സ്ഥാനം നേടിക്കൊണ്ട് അഞ്ജു ബോബി ജോര്‍ജ് സ്ഥാപിച്ച 6.83 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് കൂടിയായ ഇരുപത്തഞ്ച് കാരിയായ ആന്‍സിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

മത്സരത്തിന്റെ തുടക്കം മുതല്‍ക്കേ മികച്ച ഫോമിലായിരുന്ന ആന്‍സി ആദ്യ ശ്രമത്തില്‍ തന്നെ 6.73 മീറ്റര്‍ ചാടി ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്ക് (6.48 മീറ്റര്‍) മറികടന്നിരുന്നു. തുടര്‍ന്ന് അഞ്ചാം ശ്രമത്തിലാണ് കലിംഗ സ്റ്റേഡിയത്തെ സാക്ഷി നിര്‍ത്തി ആന്‍സി 6.88 മീറ്ററിന്റെ ചരിത്ര ദൂരത്തിലേക്ക് പറന്നിറങ്ങിയത്. അവസാന ശ്രമത്തില്‍ 6.69 മീറ്റര്‍ ദൂരത്തോടെയാണ് ആന്‍സി മത്സരം അവസാനിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം നേരിട്ട ആരോഗ്യ പ്രശ്‌നങ്ങളെയും കടുത്ത വെല്ലുവിളികളെയും അതിജീവിച്ചാണ് ആന്‍സിയുടെ ഈ ഉജ്ജ്വല തിരിച്ചുവരവ്. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള യോഗ്യതയും ഈ തകര്‍പ്പന്‍ പ്രകടനത്തോടെ താരം ഉറപ്പിച്ചു. ഈ ചരിത്ര നേട്ടം തന്റെ പിതാവിന് സമര്‍പ്പിക്കുന്നതായി മത്സര ശേഷം ആന്‍സി പ്രതികരിച്ചു.

ഈ മത്സരത്തില്‍ ആന്‍സിയെ കൂടാതെ പുരുഷന്മാരുടെ ഹൈജമ്പില്‍ സര്‍വേശ് കുഷാരെ 2.31 മീറ്റര്‍ ചാടി പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചുകൊണ്ട് ഈ ദിവസത്തെ ഇന്ത്യന്‍ അത്ലറ്റിക്‌സിന്റെ ചരിത്ര ദിനമാക്കി മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.