മരണത്തിന്റെ നിഴലിൽ നിന്ന് ദൈവസ്നേഹത്തിലേക്ക്; വധശിക്ഷ കാത്തുകിടക്കുന്ന കൊലയാളി കത്തോലിക്കാ സഭയിലേക്ക്

മരണത്തിന്റെ നിഴലിൽ നിന്ന് ദൈവസ്നേഹത്തിലേക്ക്; വധശിക്ഷ കാത്തുകിടക്കുന്ന കൊലയാളി കത്തോലിക്കാ സഭയിലേക്ക്

വാഷിങ്ടൺ: “യഥാർഥത്തിൽ ആരാണ് ദൈവം? അവിടുന്ന് എന്നെപ്പോലൊരാളോട് ക്ഷമിക്കുമോ?” തടവറയുടെ ഏകാന്തതയിൽ മരണം കാത്തുകിടക്കുന്ന ബ്രൈലി പൈപ്പർ എന്ന കൊലയാളിയുടെ ഈ ചോദ്യമാണ് അയാളുടെ ജീവിതത്തെ പൂർണമായും മാറ്റിമറിച്ചത്. യു.എസിലെ സൗത്ത് ഡക്കോട്ടയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ബ്രൈലി ഇന്ന് കത്തോലിക്കാ സഭയുടെ ഭാഗമായി പുതിയൊരു ജീവിതം നയിക്കുകയാണ്. ഒരു കൊലയാളിയുടെ മനസിനെപ്പോലും സ്നേഹം കൊണ്ട് മാറ്റാൻ ദൈവത്തിന് കഴിയുമെന്നതിന്റെ വലിയൊരു തെളിവായി മാറിയിരിക്കുകയാണ് ഈ സംഭവം.

2000 ൽ ചെസ്റ്റർ അലൻ പോജ് എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിനെ തുടർന്നാണ് ബ്രൈലി പൈപ്പർ വധശിക്ഷാ തടവുകാരനായി അകത്താകുന്നത്. വർഷങ്ങളോളം ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും അറ്റ നിലയിൽ കഴിഞ്ഞ അദേഹത്തിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നത് സിസ്റ്റർ ഗാബ്രിയേല ക്രൗളി എന്ന സന്യാസിനിയാണ്.

തുടക്കത്തിൽ തടവറയിൽ വെച്ച് സ്പാനിഷ് ഭാഷ പഠിക്കാനായി സിസ്റ്ററുമായി ബന്ധപ്പെട്ട ബ്രൈലി പിന്നീട് തന്റെ ഉള്ളിലെ അസ്വസ്ഥതകൾ പങ്കുവെക്കുകയായിരുന്നു. “യഥാർഥത്തിൽ ആരാണ് ദൈവം? അവിടുന്ന് എന്നെപ്പോലൊരാളോട് ക്ഷമിക്കുമോ?” എന്ന അദേഹത്തിന്റെ ലളിതമായ ചോദ്യം വലിയൊരു മാറ്റത്തിന് തുടക്കമിട്ടു. തുടർന്ന് ഒരു കത്തോലിക്കാ വൈദികന്റെ കൂടി സഹായത്തോടെ അദ്ദേഹം സഭാ പഠനങ്ങളിലേക്ക് തിരിയുകയായിരുന്നു.

2008 ലെ ഒരു പ്രഭാതത്തിൽ സൗത്ത് ഡക്കോട്ടയിലെ സിയോക്സ് ഫോൾസ് രൂപതയുടെ ബിഷപ്പ് പോൾ സ്വെയിൻ, വൈദികൻ, സിസ്റ്റർ ഗാബ്രിയേല എന്നിവർ അദ്ദേഹത്തെ സന്ദർശിക്കാൻ തടവറയിലെത്തി. കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെ, കൈകാലുകളിൽ ചങ്ങലകളുമായി എത്തിയ അദ്ദേഹത്തിന് ജീവിതത്തിൽ അതുവരെ ഉണ്ടാകാത്തത്ര ഭയമുണ്ടായിരുന്നു. “കോടതിയിൽ വധശിക്ഷ വിധിച്ച ദിവസം പോലും എനിക്ക് ഇത്രയും പരിഭ്രമം ഉണ്ടായിരുന്നില്ല” എന്നാണ് അന്ന് ബ്രൈലി തുറന്നുപറഞ്ഞത്.

ആ ചടങ്ങിനിടയിൽ ബിഷപ്പ് പോൾ സ്വെയിന്റെ കാർമികത്വത്തിൽ ബ്രൈലി ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്കാ സഭയുടെ മകനായി മാറി. ചെയ്ത തെറ്റുകളുടെ കുറ്റബോധവും മുന്നിൽ മരണം കിടക്കുമ്പോഴും തനിക്ക് ലഭിച്ച പുതിയ വിശ്വാസം നൽകുന്ന ആത്മശാന്തി വലുതാണെന്ന് അദേഹം സാക്ഷ്യപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.