'ആറന്മുളയില്‍ അബിന്‍, അടൂരില്‍ രമ്യ, പാലക്കാട് സന്ദീപ്, തിരുവമ്പാടിയില്‍ ജോയി': എഐസിസി സര്‍വേ വിവരങ്ങള്‍

'ആറന്മുളയില്‍ അബിന്‍, അടൂരില്‍ രമ്യ, പാലക്കാട് സന്ദീപ്, തിരുവമ്പാടിയില്‍ ജോയി': എഐസിസി സര്‍വേ വിവരങ്ങള്‍

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എഐസിസി നടത്തിയ സര്‍വേയിലെ ചില വിവരങ്ങള്‍ പുറത്തു വന്നു. ഇതുപ്രകാരം ആറന്മുള മണ്ഡലത്തില്‍ സിപിഎം നേതാവും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി മത്സരിച്ചേക്കും. വീണയും അബിന്‍ വര്‍ക്കിയും മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് സഭാംഗങ്ങളാണ്.

രണ്ട് ഡിസിസി പ്രസിഡന്റുമാര്‍ ഇത്തവണ പോരാട്ടത്തിനിറങ്ങുമെന്നാണ് സൂചന. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയെ തിരുവമ്പാടിയിലും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കളമശേരിയിലുമാണ് പരിഗണിക്കുന്നത്. രണ്ടും നിലവില്‍ മുസ്ലീം ലീഗിന്റെ സീറ്റുകളാണ്.

ലീഗുമായി മണ്ഡലങ്ങള്‍ വച്ചുമാറി ഇരുവരെയും മത്സരിപ്പിക്കാനാണ് ശ്രമം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയില്‍ ജോയിയുടെ പേരും ഉയര്‍ന്നു വന്നിരുന്നു. പിന്നീട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിഞ്ഞ ജോയിക്ക് നേതൃത്വം തിരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് വാഗ്ദാനം നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അടുത്ത അനുയായിയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ പാലക്കാട് പരിഗണിക്കുന്നു. കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സന്ദീപ് വാര്യരെ മത്സരിപ്പിച്ചാല്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ സന്ദീപ് ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഷാഫി പറമ്പിലിന് നിര്‍ണായക റോളുണ്ട്.

ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസിനെ അടൂര്‍ സീറ്റില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ട്. പട്ടികജാതി സംവരണ സീറ്റായ അടൂര്‍ ഇടത് മുന്നണിയില്‍ സിപിഐയുടെ സീറ്റാണ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവിലെ എംഎല്‍എ. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ അഞ്ച് സീറ്റുകളും എല്‍ഡിഎഫാണ് വിജയിച്ചത്.

യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും. കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിലും, കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ കൊല്ലം മണ്ഡലത്തിലേക്കും പരിഗണിക്കുന്നു.

മുന്‍ കെപിസിസി പ്രസിഡന്റ് എം.എം ഹസനെ അരുവിക്കരയിലും കെപിസിസി അംഗം ജെ.എസ് അഖിലിനെ കഴക്കൂട്ടത്തും സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചനയുണ്ട്. തവനൂര്‍ നിയമസഭ സീറ്റില്‍ എ.എം രോഹിതിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രോഹിത് പൊന്നാനിയില്‍ മത്സരിച്ചിരുന്നു.

കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജിനെയാണ് ബാലുശേരി മണ്ഡലത്തില്‍ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മൂന്നു സര്‍വേകളാണ് സംസ്ഥാനത്ത് നടത്തിയിരുന്നത്. പൊതു അഭിപ്രായം, പ്രവര്‍ത്തകരുടെ അഭിപ്രായം, പ്രമുഖ വ്യക്തികളുടെ നിലപാട് എന്നിവ തേടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.