കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തം; രാഷ്ട്രീയ കാലാവസ്ഥ നിലവില്‍ യുഡിഎഫിന് അനുകൂലമെന്ന് എന്‍ഡി ടിവി സര്‍വേ

കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തം; രാഷ്ട്രീയ കാലാവസ്ഥ നിലവില്‍ യുഡിഎഫിന് അനുകൂലമെന്ന് എന്‍ഡി ടിവി സര്‍വേ

പിണറായി സര്‍ക്കാരിനെതിരെ 51.9 ശതമാനം പേര്‍.
മുഖ്യമന്ത്രിയാകാന്‍ വി.ഡി സതീശന്‍ യോഗ്യനെന്ന് 22.4 ശതമാനം പേര്‍.
പിണറായിക്ക് 18 ശതമാനവും കെ.കെ. ഷൈലജയ്ക്ക് 16.9 ശതമാനം പേരുടെയും പിന്തുണ.


തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ നിലവില്‍ യുഡിഎഫിന് അനുകൂലമെന്ന് എന്‍ഡി ടിവി സര്‍വേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും എന്‍ഡി ടിവി 'വോട്ട് വൈബ് ഇന്ത്യ' കേരള ട്രാക്കര്‍ സര്‍വേ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് പ്രകാരം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ പകുതിയിലധികം ജനങ്ങളും അതൃപ്തരാണ്. ഏകദേശം 51.9 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശം അല്ലെങ്കില്‍ വളരെ മോശം ആണെന്ന് അഭിപ്രായപ്പെട്ടു.

31 ശതമാനം പേര്‍ വളരെ മോശം ഭരണമാണെന്നും 20.9 ശതമാനമാളുകള്‍ മോശം ഭരണമെന്നും അഭിപ്രായപ്പെട്ടു. 23.8 പേര്‍ വളരെ മികച്ച ഭരണമാണെന്നും 10.7 ശതമാനം പേര്‍ ഭരണം കൊള്ളാമെന്നും 11.8 ശതമാനമാളുകള്‍ ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണം എന്ന ചോദ്യത്തിന് 22.4 ശതമാനം പേര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ് പിന്തുണച്ചത്. പിണറായി വിജയന് 18 ശതമാനവും കെ.കെ. ഷൈലജയ്ക്ക് 16.9 ശതമാനവും പിന്തുണ ലഭിച്ചു. ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന് 14.7 ശതമാനവും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് 9.8 ശതമാനവുമാണ് പിന്തുണ.

കേരളത്തില്‍ യുഡിഎഫിന് വോട്ടു വിഹിതത്തിലും മുന്‍തൂക്കമുണ്ടാകുമെന്ന് സര്‍വേയില്‍ പറയുന്നു. യുഡിഎഫിന് 32.7 ശതമാനവും എല്‍ഡിഎഫിന് 29.3 ശതമാനവും എന്‍ഡിഎയ്ക്ക് 19.8 ശതമാനവും വോട്ടു ലഭിക്കും. എങ്കിലും 42 ശതമാനം വോട്ടര്‍മാരും കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ ഒരു പ്രധാന ആശങ്കയായി കാണുന്നുണ്ടെന്ന് സര്‍വ്വെ പറയുന്നു.

സംസ്ഥാനത്തെ 15 ശതമാനം വോട്ടര്‍മാര്‍ ഇപ്പോഴും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ രീതി അനുസരിച്ച് ഇവരുടെ വോട്ടുകള്‍ ഫലത്തെ സ്വാധീനിച്ചേക്കാം. നേതൃത്വത്തിലുള്ള ജനപിന്തുണ പരിശോധിക്കുമ്പോള്‍, യുഡിഎഫ് നേതാക്കളായ വി.ഡി. സതീശന്‍, ശശി തരൂര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് എല്‍ഡിഎഫ് നേതാക്കളേക്കാള്‍ ഉയര്‍ന്ന പിന്തുണയുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം 2026 ല്‍ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായകമാകും. പത്തു വര്‍ഷത്തെ പിണറായി ഭരണത്തിന് ശേഷം മൂന്നാം ഊഴത്തിനായി എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കാനുള്ള ഉറച്ച ശ്രമത്തിലാണ് യുഡിഎഫ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.