കൗൺസിൽ വാദിയായ പൗവ്വത്തിൽ പിതാവ്

കൗൺസിൽ വാദിയായ  പൗവ്വത്തിൽ  പിതാവ്

ജോജു ജേക്കബ് നസ്രാണി ഫൗണ്ടേഷൻ


അങ്ങനെ ഒരു പൗവ്വത്തിൽ യുഗം അവസാനിച്ചു.

സഭയ്ക്കും സമൂഹത്തിനും ശരിയായ ദിശാബോധം നൽകി അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കാലം ചെയ്ത സീറോ മലബാർ സഭയുടെ മഹാ ആചാര്യനു പ്രണാമങ്ങൾ.  അദ്ദേഹത്തിനു കൊടുക്കാവുന്നതിൽ ഏറ്റവും ശ്രേഷ്ഠമായ യാത്രയയപ്പ് നൽകിയ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് അഭിനന്ദങ്ങൾ. കബറടക്കത്തിന്റെ ദിവസമായ 22 ആം തിയതി ഉണ്ടായിരുന്നതിനെക്കാൾ ആൾ 21 ആം തിയതി ഉണ്ടായിരുന്നു എന്നാണ് കേട്ടത്. തങ്ങളൂടെ സാന്നിധ്യം കൊണ്ട് ശുശ്രൂഷകളെ മനോഹരമാക്കിയ മെത്രാന്മാരും വൈദീകരും അൽമായരും അടക്കമുള്ള ദൈവജനം പറഞ്ഞുവയ്ക്കുന്നുണ്ട് മാർ ജോസഫ് പൗവ്വത്തിൽ ഈ സഭയ്ക്ക് ആരായിരുന്നു എന്ന്. തങ്ങളുടെ സാന്നിധ്യം കൊണ്ട് ആ വിശുദ്ധമായ യാത്രയയപ്പിനു മാറ്റു കുറയരുത് എന്നു കരുതി വരാതിരുന്ന മെത്രാന്മാർക്കും നന്ദി പറയുന്നു. പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്തു കാര്യം!.

പൗവ്വത്തിൽ പിതാവിനു കൽദായവാദി എന്ന ചാപ്പകൊടുത്തത് 80 കൾ മുതലാണെന്നു തോന്നുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ ജോസഫ് പുലിക്കുന്നേൽ ഉയർത്തിയ ആരോപണം ലത്തീനീകരണ-ഭാരതവൽക്കരണ വാദികൾ ഏറ്റുപിടിക്കുക മാത്രമായിരുന്നു ചെയ്തത്, യാതൊരുവിധ വിശകലനവും കൂടാതെ തന്നെ. എന്താണ് കൽദായം എന്താണു കത്തോലിക്ക എന്നറിയാവുന്നവർക്കല്ലേ വിശകലനം ചെയ്യാനാവൂ. പൗവ്വത്തിൽ പിതാവ് സെമിനാരിക്കാരൻ ആയിരുന്ന കാലത്താണ് രണ്ടാം വത്തിക്കാൻ കൗൺസിൽ നടക്കുന്നത്. അന്നുമുതലിന്നോളം പൗവ്വത്തിൽ പിതാവു നടത്തിയ ഇടപെടലുകളിലെല്ലാം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സ്വാധീനം പ്രകടമാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ പറയാത്തതൊന്നും പൗവ്വത്തിൽ പിതാവു ചെയ്തതായും കാണുന്നില്ല. ആ നിലയ്ക്ക് ശക്തനായ ഒരു കൗൺസിൽ വാദി ആയിരുന്നു പിതാവ് എന്നു കാണാവുന്നതാണ്.

പുനരുദ്ധാരണവും നവീകരണവും
ആരാധാനാക്രമത്തിന്റെ കാര്യത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടൂവച്ച ദർശനമാണ് ഉറവിടങ്ങളിൽ നിന്നുള്ള പുനരുദ്ധാരാണവും കാലാനുസൃതമായ നവീകരണവും. ഉറവിടങ്ങളിൽ നിന്നല്ലാത്ത നവീകരണത്തെയും നവീകരണമില്ലാത്ത പുനരുദ്ധാരണത്തെയും പൗവ്വത്തിൽ പിതാവ് പിന്തുണച്ചിരുന്നില്ല. ആദ്യം പുനരുദ്ധരിക്കുക, പുനരുദ്ധരിച്ചതിനെ നവീകരിക്കുക എന്നതായിരുന്നു പിതാവിന്റെ സിദ്ധാന്തം. ആത്മാവില്ലാത്ത നവീകരണഭ്രമത്തെ പിതാവ് എന്നും എതിർത്തിരുന്നു. ചിലരെ സംബന്ധിച്ചിടത്തോളം നവീകരണം എന്നത് കുർബാന പെട്ടന്നു തീർക്കുക, കുർബാനയിൽ മറ്റു കലാപരിപാടികളും മനോധർമ്മങ്ങളും ചേർക്കുക, സിനിമാ സംഗീതം കുർബാനയിൽ ഉൾപ്പെടുത്തുക എന്നതൊക്കെ ആയിരുന്നു. സഭാത്മകത തൊട്ടു തീണ്ടിയിട്ടില്ലാത്തെ നവീകരണത്തിന്റെ പേരിലുള്ള കോപ്രായങ്ങൾക്ക് പിതാവ് എന്നും ഒരു വിലങ്ങു തടിയായിരുന്നു. അത്തരക്കാരാക്ക് പിതാവിനെ “കൽദായവാദി” ചാപ്പ കുത്തി അപമാനിക്കുവാൻ ശ്രമിക്കുക എന്നതിനപ്പുറം യുക്തിസഹമായ ഒരു വാക്കോ വരിയോ മറുപടി പറയുവാനില്ലായിരുന്നു.

പുനരുദ്ധാരണവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം എന്താണ് പുനരുദ്ധരിക്കേണ്ടത് എന്നാണ്. സീറോ മലബാർ സഭയുടെ ഉറവിടം എന്താണ് എന്നുള്ളതാണ്? സീറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നം പിതാവിന്റെ ബാല്യകാലത്തിൽ തന്നെ ഉത്തരം കിട്ടിയതാണ്. സീറോ മലബാറിന്റെ ആരാധനാക്രമ പൈതൃകം പൗരസ്ത്യ സുറിയാനി ആണെന്നുള്ള തീർപ്പിൽ എത്തിയത് റോം ആണ്. അത് പ്ലാസിഡച്ചൻ റോമിൽ കൺസൾട്ടന്റായി എത്തുന്നതിനും മുൻപാണു താനും. അപ്പോൾ പിന്നെ സീറോ മലബാറിന്റെ പൗരസ്ത്യ സുറിയാനി പാരമ്പര്യം പുനപ്പരിശോധിക്കേണ്ട ഒരു കാര്യം ലിറ്റർജിക്കമ്മീഷന്റെ ചെയർമാൻ എന്ന നിലയിലോ കമ്മീഷൻ അംഗം എന്ന നിലയിലോ വ്യക്തി എന്ന നിലയിലോ പൗവ്വത്തിൽ പിതാവിന് ഇല്ലായിരുന്നു. എന്നാൽ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിനും മുൻപ് ഒരു ഭാരത ലിറ്റർജി ഉണ്ടെന്നു തെളിയിക്കപ്പെട്ടാൽ അതിലേയ്ക്ക് പോകുവാനും പൗവ്വത്തിൽ പിതാവ് തയ്യാറായിരുന്നു എന്ന് അദ്ദേഹത്തിന്റെ ലേഖനങ്ങളൂം അഭിമുഖങ്ങളൂം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സഭയുടെ സ്ഥിരീകരണമുള്ള പാരമ്പര്യത്തെ പുനസ്ഥാപിക്കുന്നതിനു നേതൃത്വം കൊണ്ടുക്കേണ്ട ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചു. അത് കൽദായ സുറിയാനി അഥവാ പൗരസ്ത്യ സുറിയാനി ആയിപ്പോയി. അത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അല്ലായിരുന്നു. ഇനി അല്ല ആ പാരമ്പര്യം അർമ്മേനിയനോ, അന്ത്യോക്യനോ, കോപ്റ്റിക്കോ, ലത്തീനോ ആയിരുന്നെങ്കിൽ പോലും അതിനെ ശ്രദ്ധാപൂർവ്വം പിന്തുടരുവാൻ അദ്ദേഹം മടികാണിക്കുമായിരുന്നില്ല.

മറുപക്ഷം ചെയ്തത് എന്താണെന്നു കൂടി ഇത്തരുണത്തിൽ ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒന്നാം നൂറ്റാണ്ടിലെ സഭയെ 6 ആം നൂറ്റാണ്ടിനു ശേഷം വന്ന ആര്യ-ബ്രാഹ്മണ പാരമ്പര്യത്തിൽ കുളിപ്പിച്ചെടുക്കുവാനുള്ള ശ്രമമാണ് അവർ നടത്തിയത്. അതിന് യാതൊരു ചർച്ചയും കൂടാതെ റോമിന്റെ അംഗീകാരം കൂടാതെ അവർ കുർബാനക്രമങ്ങൾ ഉണ്ടാക്കുകയും അനധികൃതമായി നടപ്പാക്കുകയും ചെയ്തു. താൻ കൽദായവാദിയോ ലത്തീൻവാദിയോ അല്ല ഭാരതവാദിയാണെന്നു പ്രഖ്യാപിച്ച പാറേക്കാട്ടിൽ പിതാവ് നേതൃത്വം കൊടുത്തു തയ്യാറാക്കിയ കുർബാനക്രമങ്ങളിൽ എല്ലാം തന്നെ ലത്തീൻ അനുകരണങ്ങളൂം ലത്തീനീകരണങ്ങളും ധാരളമായി കണ്ടെത്തുവാൻ കഴിയും. തെളിയിക്കപ്പെടാത്ത ഭാരതപൈതൃകം എന്ന വ്യാജേന ലത്തീനീകരണം നടപ്പിലാക്കുകയായിരുന്നു ബോധപൂർവ്വമോ അല്ലാതെയോ പാറേക്കാട്ടിൽ വിഭാഗം ചെയ്തത്. ഇത്തരക്കാർ കൃത്യമായ ബൗദ്ധീക അടിത്തറയില്ലാതെ വളഞ്ഞവഴിയിലൂടെ നടപ്പാക്കാൻ ശ്രമിച്ച കെട്ടുകാഴ്ചകൾക്കെല്ലാം യുക്തിഭദ്രമായി നേരായമാർഗ്ഗത്തിലൂടെ തടയിടുവാൻ പൗവ്വത്തിൽ പിതാവിനു കഴിഞ്ഞു. അത് അദ്ദേഹത്തിനെ പലരുടെയും കണ്ണിൽ കരടാക്കിമാറ്റി.

ആരാധനാക്രമവും ഭക്താഭ്യാസവും
''സാക്രോസാങ്ടം കൗൺസീലിയം" എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കോൺസ്റ്റിറ്റ്യൂഷൻ കൃത്യമായി നിർവ്വചിക്കുന്നുണ്ട് ആരാധനാക്രമത്തിന്റെയും ഭക്തകൃത്യങ്ങളുടെയും സ്ഥാനം സഭയിൽ. ഭക്താഭ്യാസങ്ങൾ അതതു സഭയുടെ ആരാധനവത്സരത്തിന്റെ ചൈതന്യത്തോടു ചേർന്നു നിൽക്കുകയും സഭയുടെ ദൈവാരാധനയായ ലിറ്റർജിയിലേയ്ക്ക് ദൈവജനത്തെ നയിക്കുകയും ചെയ്യേണ്ടതാണെന്നു വത്തിക്കാൻ കൗൺസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്താഭ്യാസങ്ങൾക്കെല്ലാം മുകളിലാണ് ലിറ്റർജിയുടെ സ്ഥാനം എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ അസന്ധിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ഭക്താഭ്യാസങ്ങൾ ലിറ്റർജിയിൽ നിന്ന് ഉരുത്തിയിരണം എന്ന് കൗൺസിൽ ആഗ്രഹിക്കുന്നുണ്ട്. ഇതു പറഞ്ഞതിന്റെ പേരിൽ പിതാവിനെ കൊന്തവിരോധിയായി തത്പര കക്ഷികൾ ചിത്രീകരിച്ചു. അപ്പോഴും തന്റെ വ്യക്തിപരമായ ഭക്താനുഷ്ടാനമായി പിതാവ് കൊന്തയെ കൂടെക്കൂട്ടുകയും കൊന്ത ധരിക്കുകയും തന്നെ കാണാൻ വരുന്നവർക്ക് കൊന്ത സമ്മാനമായി കൊടുക്കുകയും ചെയ്തു പോന്നു. പറയുവാനും എഴുതുവാനും പഠിപ്പിക്കുവാനും അവസരം ലഭിച്ചയിടങ്ങളിലെല്ലാം സഭയിലെ ഭക്താഭ്യാസങ്ങളുടെ സ്ഥാനത്തെ സംബന്ധിച്ചും ലിറ്റർജിയുടെ സ്ഥാനത്തെപ്പറ്റിയും ഉള്ള കൗൺസിലിന്റെ നിലപാട് പിതാവ് ആവർത്തിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴും അതു വായിക്കുവാനും മനസിലാക്കാനും ത്രാണിയില്ലാത്തവർ അദ്ദേഹത്തെ കൽദായവാദിയാക്കി. കൽദായ പാരമ്പര്യത്തിൽ മാത്രമല്ല ലത്തീൻ അടക്കമുള്ള എല്ലാ ശ്ലൈഹീക സഭാപാരമ്പര്യങ്ങളിലും ലിറ്റർജിയുടെ സ്ഥാനം ഭക്താഭ്യാസങ്ങൾക്കു മുകളിലാണ് എന്ന സത്യം ഇക്കൂട്ടർ മറന്നു അല്ലെങ്കിൽ മനസിലാക്കിയില്ല.

മദ്ബഹായുടെ വിരിയും മാർ തോമാ സ്ലീവായും
ലത്തീൻ ഒഴിച്ചുള്ള ശ്ലൈഹീക സഭകളിൽ ഇന്നും നമുക്ക് വിരികൾ കാണുവാൻ കഴിയും. ലത്തീൻ സഭയിൽ തന്നെ അതിവിശുദ്ധ സ്ഥലത്തെ ജനങ്ങൾ നിൽക്കുന്ന ഹൈക്കലയിൽ നിന്നു വേർതിരിക്കുന്ന അഴിക്കാലുകൾ ഉണ്ട്. അർമ്മേനിയൻ കോപ്റ്റിക് അന്ത്യോക്യൻ കൽദായ പാരമ്പര്യങ്ങളിൽ വിരി ഉപയോഗിച്ചാണ് മദ്ബഹായെ വേർതിരിക്കുന്നത്. ഗ്രീക്ക് പാരമ്പര്യത്തിൽ ഐക്കണുകൾ ചേർത്ത ഒരു സ്ക്രീൻ (ഐക്കണോസ്റ്റാസിസ്) ഉപയോഗിച്ചാണ് മദ്ബഹായെ വേർതിരിക്കുന്നത്. ഇന്നും എറണാകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പഴയ പള്ളികളിൽ വിരി ഇടുവാനുള്ള ആർച്ചും കൊളുത്തും ഉണ്ട്. നമ്മുടെ ഉറവിടങ്ങളിലും സഭാപിതാക്കന്മാരുടെ കമന്ററികളും മദ്ബഹാ വിരിയുടെ വ്യാഖ്യാനവും അതിന്റെ ഉപയോഗത്തെ സംബന്ധിച്ച കർമ്മവിധികളും ഉണ്ട്. എബ്രായലേഖനത്തിൽ വിരിയെ മിശിഹായുടെ ശരീരമായി അവതരിപ്പിക്കുന്നുണ്ട്. എന്തിന് ഹൈന്ദവ ആര്യ ബ്രാഹ്മണ പാരമ്പര്യത്തിൽ ശ്രീകോവിൽ അടക്കുകയും തുറക്കുകയും (നടതുറക്കലും അടക്കലും), വിഗ്രഹത്തെ തിരശിലകൊണ്ടു മറക്കുകയും ചെയ്യാറുണ്ട്. ഇതെങ്ങനെ കൽദായമാകും?

മാർ തോമാ സ്ലീവാ കണ്ടെടുക്കുന്നതും അതിന്റെ തിരുന്നാൾ കലണ്ടറിൽ ചേർക്കുന്നതിനു താത്പര്യമെടുക്കുന്നതും പോർട്ടുഗീസ് മിഷനറിമാരാണ്. ഗുവേയയുടെ ജൊർണ്ണാദോയിലാണ് മലബാറിലെ പള്ളികളിൽ മൈലാപൂർ സ്ലീവാകൾ ഉണ്ടായിരുന്നതായി നമ്മൾ കാണുന്ന ആദ്യത്തെ സാക്ഷ്യം. 18 ആം നൂറ്റാണ്ടിലെ വർത്താമാനപ്പുസ്തകത്തിൽ തങ്ങളുടെ റോമ്മായാത്രയ്ക്കു മുൻപ് മൈലാപ്പൂരിൽ പോയി മാർ തോമാ സ്ലീവായെ വണങ്ങുന്നതായി പാറേമ്മാക്കൽ അച്ചൻ രേഖപ്പെടുത്തിയിരിക്കുന്നു. മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മക്കായി ഭാരത സർക്കാർ സ്റ്റാമ്പ് പുറത്തിറക്കുമ്പോൾ പൗവ്വത്തിൽ പിതാവ് സഹായമെത്രാനായി സ്ഥാനമേറ്റിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അന്ന് സിബിസിഐയ്യുടെ പ്രസിഡന്റ് പാറേക്കാട്ടിൽ പിതാവ് ആയിരുന്നു എന്നത് തത്പരകക്ഷികൾ സൗകര്യപൂർവ്വം മറക്കുന്നു. ഇന്നും പെരിയമലയിൽ ലത്തീൻ സഭ മാർതോമാ സ്ലീവായുടെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിക്കുകയും വണക്കത്തിനായി ഔദ്യോഗികമായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും മാർ തോമാ സ്ലീവാ പൗവ്വത്തിൽ കുരിശായി. മാർ തോമാ സ്ലീവാ മദ്ബഹായിൽ സ്ഥാപിച്ചാൽ കൽദായമായി. അപ്പോഴും വിവിധ ആകൃതിയിലും പ്രകാരത്തിലുമുള്ള സ്ലീവാകൾ മറ്റു കത്തോലിക്കാ സഭകളുടെ മദ്ബഹായിൽ സ്ഥാനം പിടിച്ചിരുന്നു. ശൂന്യമായ സ്ലീവാകൾ ഉപയോഗിക്കുന്നത് എല്ലാ സഭകളുടെയും പാരമ്പര്യത്തിൽ കാണുന്ന കാര്യവുമാണ്. ഇവ രണ്ടും കൗൺസിൽ മുന്നോട്ടൂ വയ്ക്കുന്ന പുനരുദ്ധാരണത്തിന്റെ ഭാഗമാണ്. ഉറവിടങ്ങളോടു ചേരുന്നതാണ്, യുക്തിഭദ്രമാണ്; കൽദായപാരമ്പര്യത്തിൽ മാത്രം കാണുന്ന ഒന്നല്ല.

മദ്ബഹാഭിമുഖ കുർബാന
ബനഡിക്ക്ട് പതിനാറാമൻ മാർപ്പാപ്പാ അഡ്ഓറിന്റമായി അഥവാ മദ്ബഹാഭിമുഖമായി കുർബാന അർപ്പിക്കുന്നത് ഒരു ശ്ലൈഹീക പാരമ്പര്യമായിട്ടാണ് വിശേസിപ്പിക്കുന്നത്. എന്നു വച്ചാൽ ശ്ലീഹന്മാരിൽ നിന്നു ലഭിച്ച പാരമ്പര്യം എന്നർത്ഥം. എന്നു തന്നെയല്ല ജനാഭിമുഖകുർബാനയുടെ അടച്ച ക്രമീകരണം ക്രൈസ്തവ ദൈവാരാധനയുടെ ശൈലിയല്ല എന്ന് തന്റെ ലിറ്റർജിയുടെ ചൈതന്യം എന്ന പുസ്തകത്തിൽ അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. ബനഡിക്ട് പതിനാറാൻ തന്നെയാണ് ജനാഭിമുഖമായി കുർബാന അർപ്പിക്കുണമെന്ന ആശയം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചർച്ചകളിൽ പോലും വന്നിട്ടില്ല എന്നു പ്രസ്ഥാവിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖമായ ബലിയർപ്പണ രീതി മുൻപോട്ടു വയ്ക്കുന്നില്ലെന്നത് കൗൺസിലിന്റെ രേഖകൾ വായിക്കുന്ന ഏവർക്കും ബോധ്യപ്പെടുന്നതുമാണ്. എങ്കിലും ജനാഭിമുഖവാദികൾക്ക് “ജനാഭിമുഖം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈത്യന്യം” ആണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ എവിടെയാണ്, ഏതു ഡോക്യുമെന്റിലാണ്, ഏതു  ഖണ്ഡികയിലാണ്, ഏതു വരിയിലാണ് ജനാഭിമുഖം എന്ന ആശയം മുൻപോട്ടുവയ്ക്കുന്നതെന്നു ചോദിച്ചാൽ ജനാഭിമുഖവാദികൾക്ക് മിണ്ടാട്ടമില്ല. വത്തിക്കാൻ കൗൺസിൽ കഴിഞ്ഞിട്ട് 50 കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും ജനാഭിമുഖം അവരുടെ അരിപ്പയിൽ തടഞ്ഞിട്ടില്ലില്ല, എങ്കിലും വത്തിക്കൻ കൗൺസിലിനെ അങ്ങോട്ടുമിങ്ങോട്ടൂം ഇട്ട് അരിച്ച് ജനാഭിമുഖം കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ വത്തിക്കാൻ കൗൺസിൽ കൃത്യമായും ശക്തമായും യാതൊരു അർത്ഥശങ്കയ്ക്കും ഇടയില്ലാതെ രേഖപ്പെടുത്തിയ വലിയ കാര്യങ്ങൾ അവരുടെ അരിപ്പയിലൂടെ ചോർന്നു പോവുകയോ ചോർത്തിക്കളയുകയോ ചെയ്യുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞിട്ട് നാളിത്രയായെങ്കിലും പൗരസ്ത്യ സഭകൾ ബഹുഭൂരിപക്ഷവും ഇന്നും മദ്ബഹാഭിമുഖമായി (അഡ് ഓറിയന്റം) കുർബാന അർപ്പിക്കുന്നു.

സീറോ മലബാർ സഭയുടെ കുർബാന അതിന്റെ ഉറവിടത്തിലും, സഭാപിതാക്കന്മാരുടെ വ്യാഖ്യാനത്തിലും, പ്രാർത്ഥനകളൂടെ ചൈതന്യത്തിലും എല്ലാം അഡ്ഒറിയന്റം ആണ്. 69 വരെ ലത്തീൻ സഭയും കുർബാന അർപ്പിച്ചിരുന്നത് അഡ് ഓറിയന്റം ആയിട്ടായിരുന്നു. എങ്കിലും കുർബാന മദ്ബഹാഭിമുഖമായി അർപ്പിക്കപ്പെടേണ്ടതാണ് എന്നു വാദിച്ചാൽ കൽദായവാദമായി. മദ്ബഹാഭിമുഖമായി കുർബാന അർപ്പിച്ചാൽ അതു പൗവ്വത്തിൽ കുർബാനയായി.

ക്രൈസ്തവർ ക്രൈസ്തവവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കണം എന്നത് സഭയുടെ ഇന്നും നിലനിൽക്കുന്ന നിയമാണ്, പാലിക്കപ്പെടുന്നില്ലെങ്കിൽ പോലും. അതു പൗവ്വത്തിൽ പിതാവിന്റെ കണ്ടുപിടുത്തമോ പൗവത്തിൽ പിതാവിന്റെ കല്പനയോ ആയിരുന്നില്ല. എങ്കിലും ഇതു പറഞ്ഞതുകൊണ്ട് പൗവ്വത്തിൽ പിതാവ് വർഗ്ഗീയ വാദിയായി.

സ്വാശ്രയവിദ്യാഭ്യാസത്തിലെ പിതാവിന്റെ നിലപാടുകൾ പിതാവിനെ വിദ്യാഭ്യാസ കച്ചവടക്കാർ ആക്കി ചിത്രീകരിക്കുന്നതിന് ഇടയാക്കി. പിതാവിന്റെ നിലപാടിന്റെ സാംഗത്യം ഇപ്പോഴും പലർക്കും മനസിലായിട്ടില്ല. 50-50 എന്ന ഉണ്ണികൃഷ്ണൻ കേസിലെ വിധി അതായത് പകുതി പേരെ ഫ്രീയായി (അഥവാ കുറഞ്ഞ നിരക്കിൽ) മറ്റു പകുതി പേരുടെ കാശുകൊണ്ട് (മാനേജുമെന്റ് സീറ്റിൽ) പഠിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമായി സുപ്രീം കോടതി രേഖപ്പെടുത്തിയത് മിക്കവരും അറിഞ്ഞിട്ടില്ല. സഭയുടെ സ്ഥാപനം ഉണ്ടാക്കുവാൻ യത്നിച്ച സഭാമക്കൾ സർക്കാരിന്റെ കോട്ടായിൽ നിന്നു വന്നവരെ വീണ്ടും സ്വന്തം ചിലവിൽ പഠിപ്പിക്കേണ്ട ബാധ്യത അടിച്ചേൽപ്പിക്കപ്പെടൂന്നതിലെ നീതിനിഷേധം പലർക്കും മനസിലായിട്ടുമില്ല. സർക്കാർ സ്ഥാപനത്തിലെ വിദ്യാർത്ഥിക്ക് ആളൊന്നിന് ലക്ഷങ്ങൾ ബഡ്ജറ്റിൽ വകയിരുത്തുമ്പോൾ അതിന്റെ നാലിലൊന്നു ചിലവിൽ വിദ്യാഭ്യാസസ്ഥാപനം നടത്തുവാൻ സ്വാശ്രയസ്ഥാപനങ്ങൾ നടത്തുവാൻ ആവശ്യപ്പെടുത്തതിന്റെ യുക്തിരാഹിത്യവും പലർക്കും ഇന്നും ബോധ്യപ്പെട്ടിട്ടില്ല. എങ്കിലും പിതാവിന് അത് അന്നേ മനസിലായി. പത്തുപതിനഞ്ചുവർഷങ്ങൾക്കിപ്പുറം സ്വാശ്രയം ഒരു ചർച്ചയേ അല്ലാതായി മാറിയപ്പോൾ പിതാവിന്റെ നിലപാടുകളിലെ ശരി കാലം അടയാളപ്പെടുത്തുകയായിരുന്നു.

സുറിയാനി ഭാഷയോ മാതൃഭാഷയോ 
സുറിയാനിഭാഷയോടു താത്പര്യവും സ്നേഹവും ഉള്ളവർ പാരമ്പര്യവാദി എന്ന ലേബലുള്ള പൗവ്വത്തിൽ പിതാവ് സുറീയാനി ഭാഷയോട് അത്ര മമത കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു സംശയിച്ചു കാണാറുണ്ട്. സുറിയാനി ഭാഷയെ പ്രചരിപ്പിക്കുവനോ സുറീയാനി ഭാഷ പഠിപ്പിക്കുവാനുള്ള സ്ഥാപനങ്ങൾ ആരംഭിക്കുവാനോ പിതാവ് കാര്യമായ എന്തെങ്കിലും ചെയ്തതായി ഞാൻ മനസിലാക്കുന്നില്ല. ഒരു പക്ഷേ ഇവിടെയും വത്തിക്കാൻ കൗൺസിൽ ആയിരിക്കണം പിതാവിനെ സ്വാധീനിച്ചത്. സീറോ മലബാർ സഭ കൗൺസിലിനു മുമ്പേതന്നെ ഭാഗിഗമായി വെർണ്ണാകുലറിലേയ്ക്ക് (പ്രാദേശികഭാഷ) വന്നെങ്കിലും ലത്തീൻ സഭ വെർണ്ണാകുലറിലേയ്ക്ക് നീങ്ങുന്നത് വത്തിക്കാൻ കൗൺസിലോടെയുമാണ്. കൗൺസിൽ രേഖകൾ പ്രാർത്ഥനകൾ വിശ്വാസികൾക്ക് പരിചയമുള്ള വെർണ്ണാക്കുലറിലേയ്ക്ക് മാറേണ്ടതിന്റെ ആവശ്യകത രേഖപ്പെടുത്തിയിട്ടുണ്ട്. ഓർത്തൊഡോക്സ് സഭകൾ അതിനു മുമ്പേ തന്നെ വെർണ്ണാകുലറിലേയ്ക്ക് മാറിയിരുന്നു. ആ നിലക്ക് കൗൺസിലിന്റെ വെർണ്ണാകുലർ ദർശനം ആവാം സുറീയാനിയോട് താത്പര്യം പൗവ്വത്തിൽ പിതാവിനു തോന്നാതിരിക്കാനുള്ള കാരണം എന്നു തോന്നുന്നു.

സംവാദങ്ങളും പരിശീലനങ്ങളൂം ശാക്തീകരണങ്ങളും
മതങ്ങൾ തമ്മിലും ക്രൈസ്തവസഭാവിഭാഗങ്ങൾ തമ്മിലും ചർച്ചകൾ ആരംഭിക്കുന്നതിനും ധാരണ വിപുലീകരിക്കുന്നതിലും പൗവ്വത്തിൽ പിതാവ് പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. യുവജനങ്ങൾക്കും വൈദീകർക്കും അൽമായർക്കും വേണ്ട പരിശീലനങ്ങൾ നൽകുവാനുള്ള സംവിധാനങ്ങൾ രൂപകല്പനചെയ്ത് വിജയിപ്പിക്കുവാൻ പിതാവിന് ആയിട്ടുണ്ട്. ഒപ്പം പാർശ്വവത്കരിക്കപ്പെട്ടവരെ കരുതൽ നൽകുവാനുള്ള പ്രസ്ഥാനങ്ങളും. ഇവിടെയെല്ലാം കൗൺസിൽ തന്നെയായിരുന്നു പിതാവിനു മാർഗ്ഗദീപമായിരുന്നത്.

പൗവ്വത്തിൽ പിതാവിനു മാർഗ്ഗദീപമായിരുന്ന വത്തിക്കാൻ കൗൺസിൽ രേഖകൾ താഴെപ്പറയുന്നവയാണ്.
ആരാധാനാക്രമം – സാക്രോസാങ്ങ്ടം കൗൺസീലിയം, ഓറിയന്റാലും എക്ലേസിയാരും
വിദ്യാഭ്യാസം – ഗ്രാവിസ്സിമും എഡ്യുക്കാറ്റിയോനിസ്
സഭാത്മകത – ലൂമെൻ ജെന്റിയും
വേദപുസ്തകം – ദെയി വേർബും
ന്യൂനപക്ഷാവകാശം – ഡിഗ്നിറ്റാസ്സിസ് ഹ്യൂമനായെ
സഭാന്തരസംവാദങ്ങൾ - യൂനിറ്റാസിസ് റെഡിന്റെഗ്രാസിയോ
മതന്തരസംവാദങ്ങൾ - നോസ്ത്രാ ഐത്താത്തെ

ചുരുക്കത്തിൽ കൽദായവത്കരണം പൗവ്വത്തിൽ പിതാവിന്റെ ലക്ഷ്യം ആയിരുന്നില്ല. പൗവ്വത്തിൽ പിതാവു പുന:സ്ഥാപിക്കാൻ യത്നിച്ച പാരമ്പര്യങ്ങൾ മിക്കവയും “കൽദായ” ലേബലിൽ ഒതുങ്ങുന്നതുമല്ല. സീറോ മലബാറിന്റെ ആരാധനാക്രമ പാരമ്പര്യം കൽദായമാണെന്നുള്ള റോമിന്റെ തീർപ്പിനെ മറ്റൊരു യുക്തിഭദ്രമായ വാദം വരുന്നതുവരെ പിന്തുടരുവാനുള്ള ഉത്തരവാദിത്തം നിർവ്വഹിച്ച അദ്ദേഹത്തിനു കൽദായം ഒരിക്കലും ഒരു അഭിനേവശമേ ആയിരുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകളുടെ പിൻബലവും അടിസ്ഥാനവും ആയി നിലകൊണ്ടത് രണ്ടാം വത്തിക്കാൻ കൗൺസിൽ ആയിരുന്നു. ആ നിലയ്ക്ക് അദ്ദേഹം ഒരു ശക്തനായ ഒരു കൗൺസിൽ വാദി ആയിരുന്നു എന്നു നിസംശയം പറയാം.

ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് - ഓർമ്മക്കുറിപ്പുകൾ

സെമിനാരിക്കാരുടെ പിതാവ് - മാർ ജോസഫ് പൗവ്വത്തിൽ - ഫാ. ജോമോൻ കാക്കനാട്ട്

മാർ ജോസഫ് പൗവ്വത്തിൽ; കുവൈറ്റിലെ സീറോ മലബാർ സഭാമക്കൾക്ക് മറക്കാനാവാത്ത നല്ലിടയൻ - ബിജോയ് പാലാക്കുന്നേൽ

സീറോമലബാർ സഭയ്ക്ക് അഭിമാനവും സഭാ വിരുദ്ധർക്ക് അസൂയാപാത്രവും -സൈജു മാത്യു മുളുകുപ്പാടം

വീരേതിഹാസം രചിച്ച സഭയുടെ കിരീടം ഇനി സ്വർഗ്ഗത്തിന് സ്വന്തം -ജിൻസ് നല്ലേപ്പറമ്പൻ

പ്രവാസികളെ സഭയുടെ പാരമ്പര്യങ്ങളിൽ വളർത്താൻ ആഗ്രഹിച്ച നല്ല ഇടയൻ -ഫാ. റ്റെജി പുതുവീട്ടിൽക്കളം

മാർ ജോസഫ് പൗവ്വത്തിൽ മാപ്പ് പറയുവാനോ തിരുത്തിപ്പറയുവാനോ അവസരം കൊടുക്കാത്ത പണ്ഡിതൻ ഫാ.ജോസ് മാണിപ്പറമ്പിൽ


ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26