ശക്തമാകണം അല്‍മായ മുന്നേറ്റങ്ങള്‍ നാടെങ്ങും

ശക്തമാകണം അല്‍മായ മുന്നേറ്റങ്ങള്‍ നാടെങ്ങും

സെലിന്‍ പോള്‍സണ്‍,
റിട്ട. ഹെല്‍ത്ത് പ്രൊഫഷണല്‍, യു.എ.ഇ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ ശരം കണക്കെ മുന്നോട്ടു കുതിക്കുന്ന മനുഷ്യര്‍ അറിയുന്നില്ല തന്റെ കാല്‍ ചുവട്ടിലൂടെ പലതും നഷ്ടമാവുകയാണെന്ന്. മാറ്റത്തിന്റെ ശംഖൊലികള്‍ എമ്പാടും മുഴങ്ങുമ്പോള്‍, നാടോടുമ്പോള്‍ നടുവേ ഓടണം എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി നാം എല്ലാവരും മാറുകയാണ്. ഇപ്പോഴെങ്കിലും ഒന്ന് തിരിഞ്ഞു നോക്കണം. തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തണം. മുന്നോട്ടുള്ള യാത്രയില്‍ അത് നമ്മെ സഹായിക്കും.

ഇന്ന് പതിവായി കേള്‍ക്കുന്ന ഒരു പരാതിയാണ്, പുതുതലമുറ വിശ്വാസമില്ലാത്തവരാണെന്നും മുതിര്‍ന്നവരെ ചോദ്യം ചെയ്യുന്നവരാണെന്നുമൊക്കെ. ഒരര്‍ത്ഥത്തില്‍ നമ്മുടെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടോ എന്ന് നോക്കേണ്ടതല്ലേ? ഈ നവ തലമുറയെ വാര്‍ത്തെടുത്തത് ആരാണ്? അവര്‍ക്ക് ജന്മം നല്‍കിയവര്‍-അതായത് നമ്മള്‍ തന്നെ.

നമ്മുടെ മാതാപിതാക്കള്‍ നമ്മെ വളര്‍ത്തിയത് പോലെ അനുസരണത്തോടും അച്ചടക്കത്തോടും കൂടിയാണോ അവരെ വളര്‍ത്തുന്നത്? കാലം മാറിയതനുസരിച്ച് കോലം കെട്ടണ്ടേ എന്ന് പലരും ചോദിച്ചെന്നിരിക്കും. കാരണം തെറ്റിനെ ശരിയെന്നും ശരിയെ തെറ്റെന്നും വിധിക്കുന്ന ഒരു തലമുറയെയാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ശരിയെ ശരി എന്ന് വിളിക്കണമെങ്കില്‍ ഉള്ളില്‍ വെളിച്ചം ഉണ്ടായിരിക്കണം. വിശ്വാസത്തിന്റെ കനല്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കെടാതെ കൈമാറണം. മാതാപിതാക്കള്‍ മക്കള്‍ക്ക് കൈമാറേണ്ട അമൂല്യ സമ്പത്താണ് വിശ്വാസം. അത് ബുദ്ധിയുടെ നയനങ്ങള്‍ക്ക് അപ്പുറത്താണ്.

ഒരു വ്യക്തിയെ അവന്റെ സമഗ്ര വികസനത്തിന് പ്രാപ്തനാക്കാന്‍ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് കഴിയും. ഉന്നതങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നവന്‍ മൂല്യങ്ങളെ വിലമതിക്കുന്നവനാകും. പരസ്പരം ബഹുമാനിക്കുന്ന, ചുറ്റുമുള്ളവരെ കരുതുന്ന, ഒരു നല്ല മനസിന്റെ ഉടമയ്ക്ക് തന്റെ വിശ്വാസ ജീവിതം ചുറ്റുമുള്ളവര്‍ക്ക് വെളിച്ചമേകാനാകും. അപ്രകാരം മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവര്‍ത്തികള്‍ കണ്ടു സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ. മത്തായി 15 :17

പ്രായോഗിക തലത്തില്‍ ചിന്തിക്കുമ്പോള്‍ ഈയൊരു അവസ്ഥയ്ക്ക് എങ്ങനെ മാറ്റം വരുത്താം? ദേശങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ക്രിസ്തീയ മൂല്യങ്ങള്‍ക്ക് എങ്ങനെ ചിറകെട്ടാം?

1. കുടുംബങ്ങള്‍ വിശ്വാസ പഠന കളരി ആവണം. കുടുംബ നാഥന്‍ വിശ്വാസിയായിരിക്കണം. കൗദാശിക ജീവിതവും മൂല്യാധിഷ്ഠിതമായ ജീവിത ശൈലിയും മക്കള്‍ക്ക് മുന്നോട്ടു പോകാനുള്ള വെളിച്ചമേകും. ജീവിതത്തിലെ തിരക്കുകളില്‍പെട്ടുഴലുമ്പോള്‍ ക്ഷമയോടെ ഒരു ധാര്‍മിക മൂല്യമുള്ള കഥ പറഞ്ഞു കൊടുക്കാന്‍, യേശു എന്ന യഥാര്‍ത്ഥ ഹീറോയിലേക്കുള്ള ചൂണ്ടുപലകകളായ വിശുദ്ധരുടെ കഥകള്‍ അവരിലേക്ക് എത്തിക്കാന്‍ അമ്മമാര്‍ക്ക് സാധിച്ചാല്‍ ആ മക്കള്‍ ശരിയായ ദിശാ ബോധത്തില്‍ വളരും, സംശയമില്ല.

2. ആധുനിക യുഗത്തില്‍ മനുഷ്യന്‍ കൂടുതല്‍ തന്നിലേക്ക് ചുരുങ്ങുന്നു. സ്വാര്‍ത്ഥതയുടെ മുട്ടത്തോടിനുള്ളില്‍ അടയിരിക്കാന്‍ വെമ്പുന്ന ഒരു സ്ഥിതി വിശേഷം ഉണ്ട്. കൂടുതല്‍ മനുഷ്യത്വത്തോടെ, ഒരു നല്ല സമൂഹജീവിയായി വളരാന്‍ കൂട്ടായ്മകള്‍ സഹായിക്കുന്നു. പ്രവാസികള്‍ക്ക് ആണെങ്കില്‍ പലതരം കൂട്ടായ്മകള്‍ ഉണ്ടാവും. ഓണ്‍ലൈനായും, അല്ലാതെയും പരസ്പരം ആശയങ്ങള്‍ കൈമാറുന്ന, ക്രിയാത്മകമായ ഒരു നല്ല നാളെക്കായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.

3. ആത്മീയത-ആത്മീയതലത്തില്‍ നോക്കിയാല്‍ പ്രതീക്ഷയുടെ നാളങ്ങള്‍ കാണുന്നുണ്ട്. ഇത്തരുണത്തില്‍ പ്രത്യേകം എടുത്തു പറയേണ്ടത് സഭയിലെ അല്‍മായ മുന്നേറ്റമാണ്. ദേവാലയങ്ങളില്‍ സഹകരിക്കുന്നതിന് അവര്‍ മുന്‍കൈയെടുക്കുന്നു. നമ്മുടെ മാതൃ രാജ്യത്തില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും തിയോളജി പഠിക്കാന്‍ മുതിര്‍ന്നവരോടൊപ്പം ചെറുപ്പക്കാരും മുതിരുന്നുണ്ട്. തിരുസഭയെ സ്വയം മനസിലാക്കാനും ലഭിക്കുന്ന അറിവ് മറ്റുള്ളവരിലേക്ക് പകരാനും ഇത്തരം പഠനങ്ങള്‍ ആവശ്യമാണ്. യു.എ.ഇയുടെ നാമം വളരെ പ്രശംസ അര്‍ഹിക്കുന്നു. ക്രിസ്റ്റീന്‍, ജീസസ് യൂത്ത്, നഴ്‌സസ് മിനിസ്ട്രി, കരിസ്മാറ്റിക് കൂട്ടായ്മകള്‍, ഇടയ്ക്ക് ധ്യാനങ്ങള്‍ എല്ലാം പ്രവാസികള്‍ക്ക് അനുഗ്രഹപ്രദമാണ്.

ഇവിടെ അലൈനില്‍ ലത്തീന്‍, സിറോ മലബാര്‍, മലങ്കര റീത്തിലുള്ള കുര്‍ബാനകള്‍ ഉണ്ട്. ഓരോ വ്യക്തി സഭകളും അതിന്റെ തനതു പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മനോഹരമായ കാഴ്ച! മറ്റു ഭാഷകളിലെ കുര്‍ബാനയ്ക്ക് പുറമെ ആണിത്.. മറ്റ് എമിറേറ്റുകളിലും ഇതേ രീതി തന്നെ പിന്തുടരുന്നു. ആരും പരസ്പരം മല്ലടിക്കുന്നില്ല, പരസ്പര ബഹുമാനത്തോടെ ജീവിക്കുമ്പോള്‍ അവിടെ ക്രിസ്തു വിജയിക്കുന്നു!

കുടുംബങ്ങളില്‍ ആരംഭിക്കുന്ന വിശ്വാസ പഠനം, മതപഠന ക്ലാസുകളിലൂടെ, കൂദാശകളിലൂടെ, കൂട്ടായ്മകളിലൂടെ വളരട്ടെ! വിശ്വാസത്തില്‍ അടിയുറച്ച ഒരു നവയുഗ തലമുറയെ വാര്‍ത്തെടുക്കാം.. വിശുദ്ധ തോമാശ്ലീഹാ തെളിച്ച വിശ്വാസത്തിന്റെ ദീപശിഖ വരും തലമുറയുടെ കൈകളില്‍ കത്തിജ്ജ്വലിക്കട്ടെ! വിശ്വാസം തലമുറകളിലേക്ക് കത്തി പടരട്ടെ!

പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

ക്രിസ്തീയ വിശ്വാസം നിലനില്‍ക്കണം; എങ്ങനെ ചിറകെട്ടാം വിശ്വാസ മൂല്യങ്ങള്‍ക്ക്?.

ഉയരണം ക്രൈസ്തവ കൂട്ടായ്മകള്‍ രാജ്യങ്ങളിലും ദേശങ്ങളിലും

യുവജനങ്ങള്‍ നമ്മുടെ കരുത്തും നിക്ഷേപവും ആകട്ടെ

നവ സംരംഭകരായി പുതു തലമുറ വളരണം

സമൂഹ മാധ്യമങ്ങള്‍ പുതിയ മിഷന്‍ മേഖല; ഡിജിറ്റല്‍ യാഥാര്‍ത്ഥ്യത്തെ പ്രയോജനപ്പെടുത്തണം

ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പ് ദുര്‍ബലമാകുന്നു; നല്‍കണം ഈ അറിവ് കുട്ടികള്‍ക്ക്

വിശ്വാസം മറച്ചുവയ്ക്കാനുള്ളതല്ല; പ്രവര്‍ത്തികളിലൂടെയും ബാഹ്യ അടയാളങ്ങളിലൂടെയും സാക്ഷ്യപ്പെടുത്തുക

സമൂഹത്തിനു നല്‍കണം മികച്ച മാധ്യമ അവബോധം; വിശിഷ്യ യുവജനതയ്ക്ക്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.