അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി ഏഴുമണിക്കാണ് അഹമ്മദാബാദില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി 20 ലോകകപ്പ് ഫൈനല്‍ പോരാട്ടം. അഹമ്മദാബാദിലെ സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് ആരാധകര്‍ ഒഴുകുകയാണ്.
സ്റ്റേഡിയത്തിന് സമീപത്ത് ജഴ്‌സി കച്ചവടക്കാര്‍ സജീവമാണ്. ഇവര്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ജഴ്‌സി ആരുടെതാണെന്ന് ചോദിച്ചാല്‍ അത് മലയാളി താരം സഞ്ജു സാംസന്റേതാണ്. ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച് വാങ്ങുന്നത് സഞ്ജു സാംസന്റെ ജേഴ്‌സിയാണ്.
സഞ്ജുവിന്റെ ജഴ്‌സിക്ക് ഡിമാന്‍ഡ് കൂടിയതോടെ അതിന് മാത്രം വിലകൂട്ടി കച്ചവടക്കാര്‍ വന്‍ ലാഭം കൊയ്യുകയാണ്. ചില കച്ചവടക്കാര്‍ സഞ്ജുവിന്റെ ജഴ്‌സി പെട്ടെന്ന് തീര്‍ന്നു പോയതിന്റെ നിരാശയിലുമാണ്.
അഹമ്മദാബാദ് സ്റ്റേഡിയത്തിന്റെ മുന്നിലെ ഈ ട്രെന്‍ഡ് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രിയപ്പെട്ട താരമായി സഞ്ജു മാറിയെന്നാണ്. ഇന്ത്യന്‍ ടീമിലുള്ള ആരെക്കാളും മികച്ച പ്രതിഭയാണ് സഞ്ജു സാംസണെന്ന് ആരാധകരും വിമര്‍ശകരും ഒരേ സ്വരത്തില്‍ പറയുന്നു. അത്തരത്തിലൊരു ഇന്നിങ്‌സാണ് സെമി പ്രവേശനത്തില്‍ സഞ്ജു പുറത്തെടുത്തത്.
തള്ളിപ്പറഞ്ഞവരെക്കൊണ്ടുപോലും കയ്യടിപ്പിച്ച സഞ്ജുവിന്റെ ആ ഒറ്റ ഇന്നിങ്്‌സ് ആണത്. 50 പന്തുകളില്‍ 12 ബൗണ്ടറികളുടേയും നാലു സിക്‌സുകളുടേയും അകമ്പടിയോടെ പുറത്താകാതെ നേടിയ 97 റണ്‍സ്. ഒരു പതിറ്റാണ്ടിലേറെയായി സഞ്ജുവില്‍ നിന്ന് ആരാധകര്‍ കാത്തിരുന്നത് ഇതുപോലൊരു ഇന്നിങ്‌സിനായാണ്.
മുമ്പ് ഇന്ത്യന്‍ ടീമിന്റെ പത്രസമ്മേളനത്തില്‍ സഞ്ജു സാംസണിന് അവസരം നല്‍കുമോ എന്നു ചോദിച്ച പത്രലേഖകനോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തിരിച്ചുചോദിച്ചത് ഏത് പൊസിഷനില്‍ താന്‍ സഞ്ജുവിനെ കളിപ്പിക്കുമെന്നാണ്.
അഭിഷേക് ശര്‍മ്മയുടെ സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കണമോ?.. തിലക് വര്‍മ്മയുടെ സ്ഥാനത്ത് കളിപ്പിക്കണമോ എന്നൊക്കെ അല്‍പ്പം പരിഹാസം കലര്‍ന്ന രീതിയില്‍ ചോദിച്ച അതേ സൂര്യകുമാര്‍ യാദവാണ് കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെ മലര്‍ത്തിയടിച്ച് മടങ്ങി വന്ന സഞ്ജു സാംസണെ തന്റെ തലയിലെ തൊപ്പിയൂരി മുന്നോട്ടുവച്ച് ശിരസ് നമിച്ച് സ്വീകരിച്ചത്.
അതിനിടെ ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകളുടെ വില്‍പന കരിഞ്ചന്തയില്‍ പൊടിപൊടിക്കുകയാണ്. മൂന്ന് മടങ്ങ് വിലയ്ക്ക് വരെയാണ് ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. ഒരു ടിക്കറ്റിന് 10,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന നടത്തിയ ചിലരെ അബമ്മദാബാദ് പൊലീസ് പിടികൂടി.
അതേ സമയം പ്രീമിയം ടിക്കറ്റുകള്‍ 1.5 ലക്ഷം രൂപയ്ക്ക് വരെ കരിഞ്ചന്തയില്‍ വില്‍പന നടത്തുന്നുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.