തോക്കിനുമുന്നിൽ വിശ്വാസത്തിന്റെ നെഞ്ചുറപ്പ്; വിശുദ്ധ പദവിയിലേക്ക് സിസ്റ്റർ ബ്ലാന്റിന

തോക്കിനുമുന്നിൽ വിശ്വാസത്തിന്റെ നെഞ്ചുറപ്പ്; വിശുദ്ധ പദവിയിലേക്ക് സിസ്റ്റർ ബ്ലാന്റിന

വത്തിക്കാൻ സിറ്റി: അമേരിക്കയുടെ ചരിത്രത്തിൽ കൊള്ളസംഘങ്ങൾ വിഹരിച്ചിരുന്ന കാലഘട്ടത്തിൽ തോക്കുധാരികൾക്കു മുന്നിൽ ദൈവ വിശ്വാസം മാത്രം ആയുധമാക്കി നെഞ്ചുവിരിച്ചു നിന്ന ധീര സന്യാസിനി സിസ്റ്റർ ബ്ലാന്റിന വിശുദ്ധ പദവിയിലേക്ക് ഒരു പടി കൂടി അടുക്കുന്നു. സിസ്റ്റർ ബ്ലാന്റിനയുടെ അസാധാരണമായ പുണ്യജീവിതവും ധീരതയും വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ പാനൽ ഐകകണ്ഠേന അംഗീകരിച്ചു. വിശുദ്ധ പദവി പ്രഖ്യാപനത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണിത്.

അമേരിക്കയിലെ കുപ്രസിദ്ധ കൊള്ളക്കാരനായിരുന്ന 'ബില്ലി ദ കിഡ്' എന്ന 'ബില്ലി ദ കിഡ്'നെപ്പോലും തന്റെ സ്നേഹത്തിന്റെ കരുത്തിലൂടെ ശാന്തനാക്കാൻ സിസ്റ്റർ ബ്ലാന്റിനയ്ക്കു കഴിഞ്ഞിരുന്നു. അക്രമികളെയും ഇരകളെയും തമ്മിൽ അനുരഞ്ജിപ്പിക്കാനും കൊള്ളസംഘങ്ങളെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനും അവർ മുൻകൈയെടുത്തു. 1872 ൽ അമേരിക്കയുടെ പടിഞ്ഞാറൻ മേഖലകളിൽ സേവനത്തിനായി നിയോഗിക്കപ്പെട്ട കാലം മുതൽ അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി ശബ്ദമുയർത്തുന്നതിൽ സിസ്റ്റർ വിട്ടുവീഴ്ച ചെയ്തില്ല.

1850 ജനുവരി 23 ന് ഇറ്റലിയിലെ സികാഗ്നയിൽ ജനിച്ച ബ്ലാന്റിന നാലാം വയസിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലെ ഒഹായോവിലേക്ക് കുടിയേറിയത്. 1866 ൽ സിൻസിനാറ്റിയിലെ 'സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി' സന്യാസ സമൂഹത്തിൽ ചേർന്ന അവർ ദരിദ്രരെ പഠിപ്പിക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും തദേശവാസികൾക്കും നീതി ഉറപ്പാക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ചു.

ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു സിസ്റ്ററിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. 1941 ഫെബ്രുവരി 23 ന് തൊണ്ണൂറാം വയസിൽ അന്തരിച്ച സിസ്റ്റർ ബ്ലാന്റിനയെ അധികം വൈകാതെ തന്നെ സഭ ഔദ്യോഗികമായി 'ധന്യ'യായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.