ജെറുസലേം: മധ്യപൂർവ്വേഷ്യയിൽ ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി കുറയുന്നതിൽ അഗാധമായ ആശങ്ക രേഖപ്പെടുത്തി ഇസ്രയേലിന്റെ പ്രത്യേക പ്രതിനിധി ജോർജ് ഡീക്ക്. മേഖലയിലെ ക്രൈസ്തവ സമൂഹങ്ങൾ വംശീയ ഉന്മൂലനത്തിന് സമാനമായ സാഹചര്യമാണ് നേരിടുന്നതെന്ന് അദേഹം മുന്നറിയിപ്പ് നൽകി.
ഒരുകാലത്ത് മധ്യപൂർവ്വേഷ്യയിലെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തോളമുണ്ടായിരുന്ന ക്രിസ്ത്യാനികൾ ഇന്ന് വെറും രണ്ട് ശതമാനത്തിൽ താഴെയായി ചുരുങ്ങിയിരിക്കുന്നു. സമ്പന്നമായ ക്രൈസ്തവ പാരമ്പര്യമുണ്ടായിരുന്ന പല പ്രദേശങ്ങളിൽ നിന്നും ക്രിസ്ത്യൻ സാന്നിധ്യം ഏതാണ്ട് പൂർണമായും ഇല്ലാതായി.
ലോകമെമ്പാടുമുള്ള ക്രൈസ്തവ നേതാക്കളും ഇസ്രയേലും തമ്മിൽ ശക്തമായ ബന്ധം കെട്ടിപ്പടുക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ജോർജ് ഡീക്ക് പറഞ്ഞു. ഇസ്രായേലിന്റെ യഹൂദ സ്വത്വത്തിനപ്പുറം രാജ്യത്തിന്റെ മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെക്കുറിച്ച് ആഗോള സമൂഹത്തെ ബോധവൽക്കരിക്കേണ്ടതുണ്ട്.
ക്രിസ്തീയ വിശ്വാസത്തിന്റെ ജന്മസ്ഥലമായ ഇസ്രയേലുമായി ക്രൈസ്തവർക്കുള്ള സവിശേഷമായ ബന്ധം മുൻനിർത്തിയാണ് ഇസ്രയേൽ സർക്കാർ ജോർജ് ഡീക്കിനെ പ്രത്യേക ദൂതനായി നിയമിച്ചത്.
നേരത്തെ ഇസ്രയേൽ സൈന്യത്തിന്റെ ചില നടപടികൾ ക്രൈസ്തവ വിരുദ്ധമാണെന്ന ആരോപണം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് ക്രിസ്തീയ സമൂഹങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഇസ്രയേലിന്റെ പുതിയ നയതന്ത്ര നീക്കം.
വിശ്വാസികൾക്കിടയിൽ കൂടുതൽ ധാരണയും സംഭാഷണങ്ങളും വളർത്തിയെടുക്കുന്നതിലൂടെ മേഖലയിലെ ക്രൈസ്തവ സാന്നിധ്യം സംരക്ഷിക്കാൻ കഴിയുമെന്നാണ് ഇസ്രയേൽ ഭരണകൂടം പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.