ജൂലൈ മൂന്നിലെ മത്സര വിജയത്തില്‍ ചിരിച്ചും പിന്നെ കരഞ്ഞും പോര്‍ച്ചുഗല്‍; അന്നായിരുന്നു അവരുടെ പ്രിയപ്പെട്ട ജോട്ടയുടെ ഒന്നാം ചരമ വാര്‍ഷികം

ജൂലൈ മൂന്നിലെ മത്സര വിജയത്തില്‍ ചിരിച്ചും പിന്നെ കരഞ്ഞും പോര്‍ച്ചുഗല്‍; അന്നായിരുന്നു അവരുടെ പ്രിയപ്പെട്ട ജോട്ടയുടെ ഒന്നാം ചരമ വാര്‍ഷികം

ജോട്ടയോടുള്ള ആദര സൂചകമായി അദേഹത്തിന്റെ 21-ാം നമ്പര്‍ ജേഴ്സി ധരിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങിയത്.

ടൊറന്റോ: ക്രൊയേഷ്യയുമായി ജൂലൈ മൂന്നിന് നടന്ന ലോകകപ്പ് നോക്കൗട്ട് മത്സരം പോര്‍ച്ചുഗലിന് അതി നിര്‍ണായകമായിരുന്നു. ജൂലൈ മൂന്നിലെ മത്സരം ജയിച്ചേ തീരൂ... കാരണം അവരുടെ മുന്‍ സഹതാരം ഡിയോഗോ ജോട്ടയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമായിരുന്നു ജൂലൈ മൂന്ന്. ജോട്ടയും സഹോദരന്‍ ആന്ദ്രെ സില്‍വയും 2025 ജൂലൈ മൂന്നിന് സ്പെയിനിലുണ്ടായ കാറപകടത്തിലാണ് മരണപ്പെട്ടത്.

ലോകകപ്പ് നോക്കൗട്ടില്‍ ക്രോയേഷ്യയെ തകര്‍ത്തതിനു പിന്നാലെ പോര്‍ച്ചുഗല്‍ താരങ്ങള്‍ ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട ഡിയോഗോ ജോട്ടയ്ക്ക് കണ്ണീരോടെ ആദരവര്‍പ്പിച്ചു. ജോട്ടയോടുള്ള ആദര സൂചകമായി അദേഹത്തിന്റെ 21-ാം നമ്പര്‍ ജേഴ്സി ധരിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങിയത്.

മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവോടെ പോര്‍ച്ചുഗല്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. വിജയത്തിനുശേഷമുള്ള നിമിഷങ്ങള്‍ ജോട്ടയുടെ ഓര്‍മകളാല്‍ നിറഞ്ഞു നിന്നു. ഫൈനല്‍ വിസിലിന് പിന്നാലെ ജോട്ടയുടെ 21-ാം നമ്പര്‍ ജേഴ്സിയണിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ ക്രിസ്റ്റ്യാനോ, പോര്‍ച്ചുഗല്‍ ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം തന്നെയായിരുന്നു ഫുട്ബോള്‍ ലോകം ഞെട്ടിയ ആ ദുരന്തമുണ്ടായത്. ലിവര്‍പൂള്‍ ഫോര്‍വേഡായ ജോട്ടയും സഹോദരന്‍ ആന്ദ്രെ സില്‍വയും 2025 ജൂലൈ മൂന്നിന് സ്പെയിനിലുണ്ടായ കാറപകടത്തിലാണ് മരണപ്പെട്ടത്. ദീര്‍ഘകാല പങ്കാളിയായ റൂട്ട് കാര്‍ഡോസോയുമായുള്ള വിവാഹംകഴിഞ്ഞ് 11 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴായിരുന്നു ജോട്ടയുടെ വിയോഗം.

പോര്‍ച്ചുഗലിന്റെ ഏറ്റവും വിശ്വസ്തനായ ഫോര്‍വേഡുമാരില്‍ ഒരാളായിരുന്ന ജോട്ടോ, 49 മത്സരങ്ങളില്‍നിന്ന് 14 ഗോളുകള്‍ നേടിയിട്ടുണ്ട്. പോര്‍ട്ടോ, വോള്‍വര്‍ഹാംപ്ടണ്‍, ലിവര്‍പൂള്‍ തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്.

മത്സരത്തില്‍ ക്രൊയേഷ്യയെ ഒന്നിനെതിരേ രണ്ട് ഗോളിന് തകര്‍ത്ത പോര്‍ച്ചുഗലിന് പ്രീ-ക്വാര്‍ട്ടറിലെ എതിരാളി സ്പെയിനാണ്. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് നേടിയ ഗോളില്‍ ക്രൊയേഷ്യ ലീഡ് ചെയ്തു.

എന്നാല്‍ 68-ാം മിനിറ്റില്‍ വാര്‍ പരിശോധനയിലൂടെ ലഭിച്ച പെനാല്‍റ്റി, ക്രിസ്റ്റ്യാനോ കൃത്യമായി വലയിലെത്തിച്ചതോടെ ഇരുടീമും ഒപ്പത്തിനൊപ്പമെത്തി. പിന്നീട് ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ റാഫേല്‍ ലിയാവോയുടെ ക്രോസില്‍ നിന്ന്, പകരക്കാരനായിറങ്ങിയ ഗോണ്‍സാലോ റാമോസ് ഹെഡ്ഡറിലൂടെ പോര്‍ച്ചുഗലിനെ വിജയത്തിലെത്തിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.