റോം: വിശുദ്ധ നാടിന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥ ലോകത്തെ വേദനിപ്പിക്കുന്നുവെന്ന് ജെറുസലേം ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഇറ്റാലിയൻ ജിയോപൊളിറ്റിക്കൽ മാസികയായ ലൈംസിന്റെ സമാധാനത്തിനുള്ള പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കവെയാണ് പാത്രിയാർക്കീസ് ഗാസയിലെ ഭയാനകമായ സാഹചര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
ജൂൺ 22-23 തീയതികളിൽ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനോടൊപ്പം ഗാസയിൽ നടത്തിയ സന്ദർശനം തന്നെ വല്ലാതെ അസ്വസ്ഥമാക്കിയെന്ന് കർദിനാൾ വ്യക്തമാക്കി. “നഗരങ്ങൾ പൂർണമായും തകർക്കപ്പെട്ടിരിക്കുന്നു. താൽകാലികമായി ഉണ്ടാക്കിയ വഴികളിലൂടെ കൂടാരങ്ങൾക്കും മലിന ജലക്കെട്ടുകൾക്കും ഇടയിലൂടെയുള്ള ആ യാത്ര മറക്കാനാവാത്തതാണ്. അവിടെ കണ്ട ഏറ്റവും വലിയ വിപത്തുകളിലൊന്ന് എലികളാണ്, അവ ചെറിയ കുട്ടികളെപ്പോലും കടിക്കുന്നു. ഗാസ ഇന്ന് ഒരു വലിയ ദുരന്തമായി മാറിയിരിക്കുന്നു,” കർദിനാൾ കൂട്ടിച്ചേർത്തു.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗാസയിലെ സ്ഥിതിഗതികളിൽ കാര്യമായ പുരോഗതിയില്ലെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി. ഭക്ഷ്യവസ്തുക്കൾ ചിലത് എത്തിക്കാൻ സാധിക്കുന്നുണ്ടെങ്കിലും അവശ്യസാധനങ്ങളെല്ലാം ഇപ്പോഴും കടുത്ത ദൗർലഭ്യമാണ്. സാധനങ്ങൾ പുനരുപയോഗിച്ചാണ് ജനങ്ങൾ ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. കുട്ടികൾക്കും അമ്മമാർക്കും സംഭവിച്ച മാനസികാഘാതം കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം അടിയന്തരമായി ആവശ്യമാണെന്നും ആരോഗ്യപ്രവർത്തകർ തന്നോട് വ്യക്തമാക്കിയതായി അദേഹം പറഞ്ഞു.
ഏതുവിധേനയും സ്‌കൂളുകൾ വീണ്ടും തുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനുപോലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അവിടെയില്ല. പ്രതിസന്ധി ഘട്ടത്തിലും മേഖലയിലെ ജനങ്ങളെ സഭാനേതൃത്വം പരമാവധി ചേർത്തുപിടിക്കുന്നുണ്ട്. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന വിശുദ്ധ നാടിനെ ലോകം ഒറ്റപ്പെടുത്തരുതെന്നും സമാധാനത്തിനായുള്ള അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.