ഒസ്‌ലോ: ഫുട്‌ബോൾ മൈതാനത്തെ കരുത്തുറ്റ പോരാളിയായ ഏർലിങ് ഹാലാൻഡ് തന്റെ നാടിന്റെ ആത്മീയവും ക്രിസ്തീയവുമായ വേരുകൾ തേടിയുള്ള യാത്രയിൽ ചരിത്രത്തിന്റെ ഭാഗമാകുന്നു. നോർവേയുടെ ചരിത്രത്തിൽ വൈക്കിംഗ് സംസ്കാരം ക്രിസ്തു മതത്തിലേക്ക് വഴിമാറിയതിന്റെ നിർണായക കാലഘട്ടം വിവരിക്കുന്ന അമൂല്യമായ പുരാതന ചരിത്രഗ്രന്ഥം ലേലത്തിൽ സ്വന്തമാക്കി അദേഹം അത് നാടിന് സമർപ്പിച്ചു.
പ്രശസ്ത ചരിത്രകാരൻ സ്‌നോറി സ്റ്റർലൂസൺ രചിച്ച ‘ഹീംസ്‌ക്രിംഗ്ല’ എന്ന വിഖ്യാത കൃതിയുടെ 1594-ലെ പതിപ്പാണ് ഹാലാൻഡ് സ്വന്തമാക്കിയത്. ഏകദേശം ഒന്നേകാൽ കോടിയിലധികം രൂപ (13 ലക്ഷം നോർവീജിയൻ ക്രോണർ) മുടക്കിയാണ് താരം ഈ ചരിത്രരേഖ സ്വന്തമാക്കിയത്. ലോകത്ത് അവശേഷിക്കുന്ന ഈ പതിപ്പിലെ ഒരേയൊരു പ്രതിയാണിതെന്നാണ് വിശ്വാസം.
വിശുദ്ധ ഒലാവ് ഉൾപ്പെടെയുള്ള രാജാക്കന്മാരുടെ ജീവിതവും, അവർ എങ്ങനെയാണ് ക്രൂരമായ വൈക്കിംഗ് കാലഘട്ടത്തിൽ നിന്നും ക്രിസ്തുവിന്റെ സമാധാനത്തിന്റെയും കരുണയുടെയും പാതയിലേക്ക് നോർവേയെ നയിച്ചത് എന്നുമുള്ള ചരിത്രമാണ് ഈ പുസ്തകം വ്യക്തമാക്കുന്നത്. നോർവേയുടെ ക്രിസ്തീയ അടിത്തറ വ്യക്തമാക്കുന്ന ഒരു 'വിശ്വാസ ഗോൾ' തന്നെയാണ് ഹാലാൻഡ് ഇതിലൂടെ നേടിയിരിക്കുന്നത്.
ഈ പുസ്തകം സ്വകാര്യ ശേഖരത്തിൽ ഒതുക്കാതെ, താൻ വളർന്ന ബ്രൈൻ എന്ന പട്ടണത്തിലെ പബ്ലിക് ലൈബ്രറിക്ക് സംഭാവന ചെയ്യാനാണ് ഹാലാൻഡ് തീരുമാനിച്ചത്. "പൂർവ്വികർ വിശ്വാസത്തിലേക്കും പുതിയ സംസ്കാരത്തിലേക്കും വന്ന വഴികൾ എല്ലാവരും വായിച്ചറിയണം," എന്നാണ് ഈ പ്രവൃത്തിയെക്കുറിച്ച് ഹാലാൻഡ് പ്രതികരിച്ചത്.
ഈ പുസ്തകം ലൈബ്രറിയിൽ എല്ലാവർക്കും എപ്പോഴും ലഭ്യമാക്കണമെന്നും പ്രദർശിപ്പിക്കണമെന്നും അദേഹം പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സ്പോർട്സ് ലോകത്തെ തിരക്കുകൾക്കിടയിലും തന്റെ നാടിന്റെ ആത്മീയ പൈതൃകം വരുംതലമുറയ്ക്കായി സംരക്ഷിക്കാൻ കാണിച്ച ഹാലാൻഡിന്റെ ഈ തീരുമാനം വിശ്വാസികൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.